വനിതാ സംവരണ ബില്‍; ലോക്സഭയില്‍ പ്രതിപക്ഷ ബഹളം

വനിതാ സംവരണ ബില്ലിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിപക്ഷ അംഗങ്ങളോട് സീറ്റില്‍ ഇരിക്കാൻ സ്പീക്കർ നിർദേശിച്ചെങ്കിലും അവർ വഴങ്ങിയില്ല.

ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ഡിഎംകെ അംഗങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചാണ് സഭയില്‍ എത്തിയത്. വനിതാ ബില്‍ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെ.സി. വേണുഗോപാല്‍ എംപി എതിർത്ത് സംസാരിച്ചു.

ഫെഡറല്‍ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഇതോടെ സ്പീക്കർ ഇടപെട്ടു. എന്നാല്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തി. എല്ലാം സംസാരിക്കാൻ അവസരം നല്‍കുമെന്നും എല്ലാവർക്കും സമയം ലഭിക്കുമെന്നും സ്പീക്കർ പറഞ്ഞു.

ബില്‍ അവതരിപ്പിക്കാൻ അനുവദിച്ചാല്‍ അല്ലേ ചർച്ച നടക്കൂവെന്നും ബില്ലിനെക്കുറിച്ച്‌ അറിയാതെയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *