കേരളം കത്തുന്നു : പാലക്കാട് 40 ഡിഗ്രിയിലേക്ക്; അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം നല്‍കി.ഏപ്രില്‍ 19 വരെ പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കൊല്ലത്ത് 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില വർധിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട മുതല്‍ കാസറഗോഡ് വരെയുള്ള മിക്ക ജില്ലകളിലും 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടാം.

സാധാരണ നിലയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കണക്കാക്കുന്നത്. കടുത്ത വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ കർശന സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പ്രത്യേകിച്ച്‌ പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളില്‍ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. ചർമരോഗമുള്ളവരും പ്രതിരോധശേഷി കുറഞ്ഞവരും വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്.

പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതിനൊപ്പം ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം. യാത്രകള്‍ക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *