അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിർത്തല്‍ നിലനില്‍ക്കെ, ഇറാന് ആയുധങ്ങള്‍ കൈമാറാനുള്ള ചൈനയുടെ നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ചൈന അത്തരമൊരു നടപടിക്ക് മുതിർന്നാല്‍ അവർക്ക് ‘വലിയ പ്രശ്നങ്ങള്‍’ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.
തോളില്‍ വെച്ച് തൊടുക്കാവുന്ന വിമാനവേധ മിസൈലുകള്‍ ചൈന ഇറാന് കൈമാറാൻ ഒരുങ്ങുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. ആയുധങ്ങള്‍ നേരിട്ട് നല്‍കാതെ, മൂന്നാമതൊരു രാജ്യം വഴി ഇറാനിലെത്തിക്കാനാണ് ചൈനയുടെ പദ്ധതിയെന്ന് റിപ്പോർട്ടില്‍ പറയുന്നു.
വെടിനിർത്തല്‍ കാലയളവ് ഉപയോഗിച്ച് ഇറാൻ സൈനിക ശേഷി വർദ്ധിപ്പിക്കുകയാണെന്നും അതിന് ചൈന കൂട്ടുനില്‍ക്കുകയാണെന്നുമാണ് അമേരിക്കയുടെ വാദം. തങ്ങള്‍ ഒരു പക്ഷത്തേക്കും ആയുധങ്ങള്‍ നല്‍കുന്നില്ലെന്നും പുറത്തുവന്ന റിപ്പോർട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അമേരിക്കയിലെ ചൈനീസ് എംബസി പ്രതികരിച്ചു. യുഎസ് – ഇറാൻ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്നിരിക്കെ, ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്ന് ചൈന അവകാശപ്പെടുന്നു. അടുത്ത മാസം പ്രസിഡന്റ് ട്രംപ് ചൈന സന്ദർശിക്കാനിരിക്കെയാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്.
