തൃശൂർ കൂർക്കഞ്ചേരിയില്‍ വോട്ട് ചെയ്യാനെത്തിയ യുവതിയെ വോട്ട് രേഖപ്പെടുത്തുന്നതില്‍ തടസപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.
സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി
തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി ബോധാനന്ദ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അക്ഷയ എന്ന യുവതിയെ വോട്ടുചെയ്യുന്നതില്‍ നിന്ന് പ്രിസൈഡിങ് ഓഫീസർ വിലക്കിയത്.യുവതിയുടെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവേറ്റതിനെത്തുടർന്ന് വോട്ട് രേഖപ്പെടുത്തുന്ന മഷി പുരട്ടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ തടസ്സവാദമുന്നയിച്ചത്. വിരലില്‍ ഡ്രസ്സിങ് ഉള്ളതിനാല്‍ മഷി പുരട്ടാൻ സാധിക്കില്ലെന്ന് പ്രിസൈഡിങ് ഓഫീസർ നിലപാടെടുത്തു. മുറിവ് ബോധ്യപ്പെടാനായി ഡ്രസ്സിംഗ് അഴിച്ചു കാണിക്കണമെന്ന് ഉദ്യോഗസ്ഥൻ നിർബന്ധം പിടിച്ചതായും യുവതി പറയുന്നു. ഡോക്ടറുടെ കുറിപ്പടിയും എക്‌സ്-റേയും ഹാജരാക്കിയെങ്കിലും ഉദ്യോഗസ്ഥൻ അത് പരിഗണിക്കാൻ തയ്യാറായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ കൈകുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ അക്ഷയ 6 മണിക്കാണ് ഏറ്റവും ഒടുവില്‍ വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്യാനെത്തിയ അക്ഷയക്കൊപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു. അഞ്ച് മണിക്കൂർ നേരം കാത്ത് നിന്നതിന് ശേഷം രാഷ്ട്രീയ പാർട്ടികള്‍ പ്രതിഷേധിച്ചപ്പോള്‍ മാത്രമാണ് അക്ഷയക്ക് വോട്ട് ചെയ്യാൻ സാധിച്ചത്. ഉച്ചയ്ക്ക് ഒന്നര മുതല്‍ കുഞ്ഞും അമ്മയോടൊപ്പം പോളിങ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
