ഇറാനുമായുള്ള സമാധാന ചർച്ചകള്‍ പരാജയപ്പെട്ടാല്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നീക്കം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി (Trump Iran Peace Deal Warning).
ചർച്ചകളില്‍ ഇറാൻ സഹകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ അത് പരാജയപ്പെട്ടാല്‍ യുഎസ് സൈന്യം കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. സമാധാന കരാർ ലംഘിക്കപ്പെട്ടാല്‍ ഉണ്ടാകാനിടയുള്ള വൻ യുദ്ധത്തെ സൂചിപ്പിക്കാൻ “ഷൂട്ടിംഗ് സ്റ്റാർട്ട്സ്” എന്ന പ്രയോഗമാണ് ട്രംപ് നടത്തിയത്. മധ്യേഷ്യയിലെ സൈനിക ആസ്തികള്‍ പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാൻ ആണവായുധങ്ങള്‍ ഉപേക്ഷിക്കാമെന്നും ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും സമ്മതിച്ചതായും അവകാശപ്പെട്ടു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും വെടിനിർത്തലിലെ അനിശ്ചിതത്വവും കാരണം ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി വർദ്ധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 96.71 ഡോളറായാണ് ഉയർന്നത്. അന്താരാഷ്ട്ര ജലപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ യാത്രയ്ക്ക് ഇറാൻ ടോള്‍ ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. കപ്പല്‍ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കണമെന്നതാണ് ബ്രിട്ടന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും നിലപാട്. വെടിനിർത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരം സാമ്പത്തിക നിയന്ത്രണങ്ങള്‍ വരുന്നത് വിപണിയില്‍ കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.
ബുധനാഴ്ച ലെബനനില്‍ ഇസ്രയേല്‍ നടത്തിയ കനത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, നിലവിലെ ചർച്ചകള്‍ക്ക് പ്രസക്തിയില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫ് പ്രതികരിച്ചത്. ലെബനനിലെ വെടിനിർത്തല്‍ ഇറാൻ പ്രധാന നിബന്ധനയായി മുന്നോട്ട് വെക്കുമ്പോള്‍ അത് കരാറിന്റെ ഭാഗമല്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്ക. സമാധാന ചർച്ചകള്‍ക്കായി ഇറാൻ പ്രതിനിധി സംഘം വ്യാഴാഴ്ച രാത്രി പാകിസ്ഥാനിലെ ഇസ്ലാമാബാദില് എത്തും. ശനിയാഴ്ച നിർണ്ണായകമായ ചർച്ചകള്‍ ആരംഭിക്കാനിരിക്കെ, ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നത് ചർച്ചകളുടെ ഭാവി വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
