വയനാട് ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച 178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ട് പോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പുനരധിവാസവുമായി ബന്ധപ്പെട്ട ഓരോ നീക്കവും ദുരന്തബാധിതരെ പൂർണ്ണമായും വിശ്വാസത്തിലെടുത്തും അവരുമായി ചർച്ചകള്‍ നടത്തിയും മാത്രമാണ് സർക്കാർ നടപ്പിലാക്കിയതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
കുടുംബങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിഞ്ഞവർക്ക് ഒരിടത്ത് തന്നെ ജീവിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് ‘ടൗണ്‍ഷിപ്പ്’ എന്ന ആശയം രൂപപ്പെട്ടതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും ഉള്‍പ്പെടെ വിളിച്ച് ചർച്ചകള്‍ നടത്തിയിരുന്നു.
വീട് നിർമ്മാണം പൂർത്തിയായ വിവരം താമസക്കാരെ അറിയിച്ചിരുന്നു. എന്നാല്‍, മാലിന്യനിർമ്മാർജ്ജനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടി പൂർത്തിയാക്കിയ ശേഷം താമസം തുടങ്ങിയാല്‍ മതിയെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. നിലവില്‍ പട്ടയം നല്കിയാല് മതിയെന്നും വിഷുവിന് മുൻപായി താമസം തുടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പിലാക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുനരധിവാസ പ്രവർത്തനങ്ങള്‍ ഗുണഭോക്താക്കളുമായി ആലോചിച്ചുതന്നെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കെ.പി.സി.സി.ക്കെതിരെയും മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആദ്യം ശ്രുതിക്ക് വീടുവെച്ച് കൊടുക്കട്ടെ, എന്നിട്ട് മറ്റുകാര്യങ്ങള്‍ ചർച്ചചെയ്യാം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
