പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയക്കെതിരായ അനൗണ്‍സ്മെന്റ് വിവാദത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.
നാലു വോട്ടു കിട്ടാന്‍ വേണ്ടി ഇങ്ങനെയൊക്കെ ചെയ്താലും, തെരഞ്ഞെടുപ്പിന് ശേഷവും സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ നികത്താന്‍ വലിയ പ്രയാസകരമാകും. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് ഏതു ബുദ്ധിയുള്ള ആള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. ഇതുമൂലം സമൂഹത്തിലുണ്ടാകുന്ന ഛിദ്രതയും ഭിന്നതയും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിലനില്ക്കും. ഇലക്ഷന് കഴിഞ്ഞാലും ഇതൊക്കെ നിലനില്‍ക്കുമെന്ന് ഇത്തരം പ്രചാരണം നടത്തുന്നവര്‍ മനസ്സിലാക്കേണ്ടതായിരുന്നുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് അധികൃതര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. യുഡിഎഫിന്റ പരാതിയിലാണ് പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ഇടതുമുന്നണി കണ്‍വീനര്‍ക്ക് നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറാണ് നോട്ടീസ് നല്‍കിയത്. പേരാമ്പ്ര യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ ബാലനാരായണന്‍ നല്കിയ പരാതിയിലാണ് ടിപി രാമകൃഷ്ണനോട് വീശദീകരണം തേടിയിട്ടുള്ളത്.
