പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ അസ്ഥിരത കണക്കിലെടുത്ത് ഇന്ത്യയ്ക്ക് നിർണായക ഇളവ് നല്‍കി അമേരിക്ക.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശനമായ ഉപരോധങ്ങളില്‍ 30 ദിവസത്തെ ഇളവാണ് യുഎസ് ഭരണകൂടം അനുവദിച്ചത്. എണ്ണ വിതരണം തടസമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണത്തില്‍ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാൻ കാരണമാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് താത്കാലിക അനുമതി നല്‍കിയിരിക്കുന്നത്.
റഷ്യൻ എണ്ണയ്ക്ക് ജി7 രാജ്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ള വില പരിധി ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് അടുത്ത 30 ദിവസത്തേക്ക് ഈ നിയന്ത്രണങ്ങളില്‍ ഇന്ത്യയ്ക്ക് ഇളവ് ലഭിക്കും. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ വലിയൊരു പങ്കും നിലവില്‍ റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ ഈ തീരുമാനം ഇന്ത്യൻ റിഫൈനറികള്‍ക്കും ആഭ്യന്തര വിപണിയിലെ ഇന്ധനവില നിയന്ത്രിക്കാനും വലിയ സഹായമാകും.
