വിശ്വാസം മുതലെടുത്ത് സ്വര്‍ണക്കവര്‍ച്ച; പൂജാരിയുടെ വീട്ടില്‍ നിന്ന് 12 പവൻ അപഹരിച്ച യുവതി പിടിയില്‍

തൃശൂർ കൊടകരയില്‍ പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിലെത്തിയ യുവതി പന്ത്രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങള്‍ കവർന്നു.

മറ്റത്തൂർ മൂലംകുടം സ്വദേശിയായ പൂജാരി അജേഷിന്റെ വീട്ടില്‍ സ്ഥിരമായി എത്താറുണ്ടായിരുന്ന പറക്കാട്ടുകര മണ്ണാംപറമ്പില്‍ വീട്ടില്‍ സൂര്യ (26) ആണ് മോഷണക്കേസില്‍ തൃശൂർ റൂറല്‍ പൊലീസിന്റെ പിടിയിലായത്. അജേഷിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളാണ് യുവതി തന്ത്രപൂർവ്വം കൈക്കലാക്കിയത്. ഫെബ്രുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടിലെ അലമാരയില്‍ ബാഗിനുള്ളിലായിരുന്നു ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. പ്രശ്നപരിഹാരത്തിനായി ഇടക്കിടെ പൂജാരിയുടെ വീട്ടില്‍ വരാറുണ്ടായിരുന്ന സൂര്യയ്ക്ക് അവിടുത്തെ കാര്യങ്ങളെല്ലാം സുപരിചിതമായിരുന്നു. സംഭവദിവസം വീട്ടിലെത്തിയ യുവതി, പൂജാരി അടുക്കളയിലേക്ക് മാറിയ തക്കം നോക്കി അലമാര തുറന്ന് സ്വർണം കവരുകയായിരുന്നു. വീട്ടുകാർ വിവരമറിഞ്ഞതിനെത്തുടർന്ന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്തുവന്നത്.

മോഷ്ടിച്ച ആഭരണങ്ങള്‍ കൊടകരയിലെ ഒരു സ്വകാര്യ ഫിനാൻസ് കമ്പനിയില്‍ വിറ്റ യുവതി, ആ പണം ഉപയോഗിച്ച്‌ പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും വാങ്ങി. കൂടാതെ പണയത്തിലിരുന്ന തന്റെ സ്വന്തം ആഭരണങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആർഭാട ജീവിതം നയിച്ചു വരികയായിരുന്ന യുവതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പൊലീസ് വലയിലാക്കുകയായിരുന്നു. കൊടകര ഇൻസ്പെക്ടർ ജെർലിൻ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *