63 വര്‍ഷം നീണ്ട പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുന്നു, പാര്‍ട്ടി അംഗത്വം പുതുക്കാതെ ജി സുധാകരൻ

 63 വർഷം നീണ്ട പാർട്ടി അംഗത്വം പുതുക്കാതെ മുൻ മന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ ജി സുധാകരൻ. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്ന് പ്രവർത്തിച്ചപ്പോള്‍ എങ്ങനെയെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ ഒരിക്കല്‍ പോലും അന്വേഷിച്ചില്ല എന്ന് ജി സുധാകരൻ ഫേസ്‌ബുക്കില്‍ കുറിച്ച പ്രതിഷേധ കുറിപ്പില്‍ പറയുന്നു.

മത്സരത്തിന് ജി സുധാകരൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു പരിഗണനയും താൻ അർഹിക്കുന്നില്ല എന്ന തരത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരിഹസിച്ച്‌ ചിരിച്ചെന്നും ജി സുധാകരൻ കുറിച്ചു. പാർട്ടിയിലെ ഈ പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അടിയന്തരാവസ്ഥകാലത്ത് നിരോധനം ലംഘിച്ച്‌ പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും കേസും അനുഭവിച്ച ജില്ലയിലെ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവായിട്ടും അടിയന്തരാവസ്ഥയുടെ അൻപതാം വാർഷിക പരിപാടി വീടിനടുത്ത് നടത്തിയപ്പോള്‍ പാർട്ടി ക്ഷണിക്കുക പോലും ചെയ്‌തില്ലെന്നാണ് സുധാകരന്റെ ആരോപണം. തന്റെ പിതാവിനെ വരെ ആക്ഷേപിച്ച്‌ സമൂഹമാദ്ധ്യമ കുറിപ്പിട്ടയാള്‍ ജില്ലാ കമ്മിറ്റിയംഗത്തിന്റെ ഉത്തമ ശിഷ്യനാണ്. കൂടുതല്‍ താൻ വിവരിക്കുന്നില്ലെന്നും സുധാകരൻ കുറിക്കുന്നുണ്ട്.

സുധാകരന്റെ പേര് പരിഗണിക്കാതിരുന്നത് മാത്രമല്ല എച്ച്‌ സലാമിനെ പാർട്ടി ജില്ലാ നേതൃത്വം അമ്പലപ്പുഴയില്‍ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതും സുധാകരന്റെ പ്രതിഷേധത്തിന് പിന്നിലെ കാരണമാണ്.

ജി സുധാകരന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:

2026 മെമ്പർഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചില്‍ വന്നു പ്രവർത്തിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല.

63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നല്‍കിയിട്ടില്ല. എന്തനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച്‌ നടത്തിയപ്പോള്‍ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉള്‍പ്പെടെ അനുഭവിച്ച്‌ ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നല്‍കിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച്‌ ഒരു എല്‍ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയില്‍ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവനോട് ശരിയല്ലാത്ത തരത്തില്‍ ജില്ലാ നേതൃത്വത്തില്‍ പെട്ടയാള്‍ സംസാരിച്ചതായി അറിഞ്ഞത് .

ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതല്‍ സംഭവങ്ങള്‍ വിവരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാർട്ടിയില്‍ തുടർന്ന് മേല്‍പ്പറഞ്ഞ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഈ മെമ്പർഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളില്‍ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകള്‍. നന്ദി..

Leave a Reply

Your email address will not be published. Required fields are marked *