തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി). കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറല്‍ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നല്‍കി.
ഇതോടെ ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളില് എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-25 ശതമാനവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്.
സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് അന്താരാഷ്ട്ര വിപണിയിലെത്താനുള്ള ഏക മാർഗമാണിത്. കടലിടുക്ക് അടഞ്ഞതോടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണയുടെ കുറവാണ് ആഗോള വിപണിയില്‍ അനുഭവപ്പെടുന്നത്. ഇത് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിനും മുകളിലേക്ക് ഉയരാൻ കാരണമായി.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രല്‍ കമാൻഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പല്‍ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
