‘ഭീഷണിയില്ല, പക്ഷേ ജാഗ്രത വേണം; ഹിന്ദുക്കള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളെന്നത് പരിഗണിക്കണം’

കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നത് ഹിന്ദു കുടുംബങ്ങള്‍ ചിന്തിക്കണമെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്.

ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന് അദ്ദേഹം ആശങ്കയും പങ്കുവച്ചു. ലക്‌നൗവിലെ സരസ്വതി ശിശു മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹിന്ദുക്കളെ ഒന്നിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്. നമുക്ക് ഭീഷണിയില്ലെങ്കിലും ജാഗ്രത വേണം. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും ഇല്ലാതാക്കുകയും നാടുകടത്തുകയും വേണം. അവർക്ക് തൊഴിലും നല്‍കാൻ പാടില്ല. ശരാശരി ഫെർട്ടിലിറ്റി നിരക്ക് മൂന്നില്‍ താഴെയായ സമൂഹങ്ങള്‍ ഭാവിയില്‍ അപ്രത്യക്ഷമായേക്കാം. അതിനാല്‍തന്നെ ഹിന്ദു കുടുംബങ്ങളില്‍ കുറഞ്ഞത് മൂന്ന് കുട്ടികളുണ്ടാവേണ്ടത് പരിഗണിക്കണം. നവദമ്പതികള്‍ ഇതിനെക്കുറിച്ച്‌ ബോധവാന്മാരാകണം. വിവാഹത്തിന്റെ ലക്ഷ്യം സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റുക മാത്രമല്ല, സൃഷ്ടിയെ മുന്നോട്ട് കൊണ്ടുപോകുക എന്നതുകൂടിയാണ്.ട

ജാതി വിവേചനം സംഘർഷത്തിന് കാരണമാകരുത്. പിന്നാക്ക സമൂഹത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് അവരെ ഉയർത്തിക്കൊണ്ടുവരണം. ഭാവിയില്‍ ഇന്ത്യ ലോകത്തെ നയിക്കും. പലവിധ ആഗോള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഇന്ത്യയുടെ നാഗരിക ധാർമ്മികതയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ ദുർബല വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കാനും, തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യാനും, സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാനും പതിവായി സമൂഹതല യോഗങ്ങള്‍ സംഘടിപ്പിക്കണം. യുഎസിലെയും ചൈനയിലെയും ചില ഘടകങ്ങള്‍ ഇന്ത്യക്കെതിരായി പ്രവർത്തിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രതയും പരസ്‌പര വിശ്വാസവും ഉണ്ടാകേണ്ടതുണ്ട്’- മോഹൻ ഭഗവത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *