സാധാരണക്കാരന്റെ ആശ്രയമായ സപ്ലൈകോയില്‍ പല അവശ്യ സാധനങ്ങളുടെയും സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി. വിലക്കയറ്റത്തെ പിടിച്ചു നിറുത്തിയിരുന്ന സപ്ലൈകോ വില്പനകേന്ദ്രങ്ങളില് 13ഇനം സബ്സിഡി സാധനങ്ങളില്‍ പകുതിയിലേറെയും കിട്ടാനില്ല.
ഇതോടെ, ഇരട്ടി വില നല്കി പൊതുവിപണിയില്‍ സാധനങ്ങള്‍ വാങ്ങാൻ നിര്‍ബന്ധിതരാവുകയാണ് സാധാരണക്കാര്‍. ഓണത്തിന് മുൻപേ തുടങ്ങിയ ക്ഷാമമാണ് ഇപ്പോഴും തുടരുന്നത്. ഉപഭോക്താക്കള്‍ സപ്ലൈകോ സ്റ്റോറുകളിലെത്തി സാധനങ്ങള്‍ കിട്ടാതെ മടങ്ങുന്നത് പതിവ് കാഴ്ചയായി. തൊടുപുഴ നഗരത്തിലെ തന്നെ ഏറ്റവും വലിയ സപ്ലൈകോ ഔട്ട്ലറ്റില് പഞ്ചസാര, മുളക് എന്നീ സാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിട്ട് ഒരു മാസത്തോളമായി. ഉഴുന്ന്, സാമ്ബാര്‍ പരിപ്പ്, വൻപയര്‍, പച്ചരി തുടങ്ങിയ അവശ്യ സാധനങ്ങളും ഇവിടെ ലഭ്യമല്ല. മിക്ക കടകളിലെയും അവസ്ഥ ഇതുതന്നെയാണ്. സ്റ്റോക്കെന്നുവരുമെന്ന ചോദ്യത്തിന് മറുപടി പറയാൻ ജീവനക്കാര്‍ക്ക് ആകുന്നുമില്ല. മൂലമറ്റത്ത് പഞ്ചസാര, തൂവരപ്പരിപ്പ്, മുളക്, മല്ലി, പച്ചരി, കുറുവ അരി എന്നീ സബ്സിഡിയിനങ്ങളും സ്റ്റോക്കില്ല. ഹൈറേഞ്ച് മേഖലയിലുള്‍പ്പെടെ വില്പനശാലകളില് ഉത്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുകയാണ്. അടിമാലിയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ സബ്സിഡി ഇനങ്ങളായ ജയഅരി, പച്ചരി, പഞ്ചസാര, മുളക്, കടല, തൂവരപ്പരിപ്പ് എന്നിവ കിട്ടാനില്ല. ചെറുതോണി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ പഞ്ചസാര, മുളക്, മല്ലി, വെളിച്ചെണ്ണ, വൻപയര്‍ തുടങ്ങിയ സാധനങ്ങളും സ്റ്റോക്കില്ല. പ്രധാനമായും സബ്സിഡി ഉത്പന്നങ്ങള്‍ വാങ്ങാനാണ് കൂടുതല്‍ പേരും സപ്ലൈകോ സ്റ്റോറുകളെ ആശ്രയിക്കുന്നത്. ഇവിടെയുള്ള മറ്റു സാധനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. സബ്സിഡിയിനത്തില്‍ 3750 കോടിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സപ്ലൈകോയ്ക്ക് കിട്ടാനുള്ളത്. ഇതില്‍ 2700 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കുടിശികയാണ്. 850 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മുടങ്ങി.
ഇരട്ടി വില നല്‍കേണ്ട അവസ്ഥ
കിലോയ്ക്ക് 22 രൂപയാണ് സപ്ലൈകോ ഔട്ട്ലെറ്റില് പഞ്ചസാരയുടെ വില. പൊതുവിപണിയില്‍ 44 രൂപയും. നേരെ ഇരട്ടി വര്‍ദ്ധന. അരക്കിലോ മുളകിന് 75 രൂപയാണ് സപ്ലൈകോ വില. പൊതുവിപണിയില്‍ 135. വ്യത്യാസം 65 രൂപ. ഉഴുന്നിന് സപ്ലൈകോയില്‍ കിലോയ്ക്ക് 66 . പൊതുവിപണിയില്‍ 140.74 രൂപയുടെ വ്യത്യാസം. സാമ്ബാര്‍ പരിപ്പ് സപ്ലൈകോയില്‍ 65 രൂപ, പൊതുവിപണിയില്‍ 130. വ്യത്യാസം നേരെ ഇരട്ടി. പച്ചരിക്ക് സപ്ലൈകോയില്‍ കിലോയ്ക്ക് 23. പൊതുവിപണിയില്‍ 38. വ്യത്യാസം 15 രൂപ. പൊതുവിപണിയില്‍ മുളകിന് 30രൂപയും ഉഴുന്നിന് 20 രൂപയും സാമ്ബാര്‍ പരിപ്പിന് പത്ത് രൂപയും പഞ്ചസാരയ്ക്ക് നാല് രൂപ വരെയും ഒരുമാസത്തിനിടെ കൂടി.
സപ്ലൈകോയ്ക്ക് വൻ വരുമാന നഷ്ടം
സബ്സിഡി സാധനങ്ങള്‍ എത്തുന്നത് നിലച്ചതോടെ സാധാരണക്കാര്‍ക്കുണ്ടാകുന്ന തിരിച്ചടിക്കൊപ്പം സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകള്‍ക്ക് വൻ വരുമാന നഷ്ടവും. പ്രതിദിന വിറ്റുവരവ് മൂന്നിലൊന്നായി കുറഞ്ഞതോടെ സപ്ലൈകോ സ്റ്റോറുകളുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. താത്കാലിക ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാൻ പോലും വകയില്ല. സപ്ലൈകോയെ ആശ്രയിച്ചു കഴിയുന്ന നിരവധി ദിവസവേതനക്കാര്‍ക്ക് ജോലിയും നഷ്ടമായി. സബ്സിഡിയില്ലാത്ത സാധനങ്ങള്‍ നല്കുന്ന കമ്ബനികള്‍ക്കും മാസങ്ങളായി കുടിശികയാണ്. അവരുടെ പ്രൊമോട്ടര്‍മാരായി ദിവസ വേതനത്തിന് ജോലിയെടുക്കുന്നവരുണ്ട്. പലരെയും പിരിച്ചുവിട്ടു. സപ്ലൈകോ സ്റ്റോറുകളിലെ താത്കാലിക ജോലിക്കാരില്‍ അധികവും സ്ത്രീകളാണ്. അവരില്‍ പലരുടെയും ജോലി പോയി. ബാക്കിയുള്ളവര്‍ക്ക് ശമ്ബളം മുടങ്ങി. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമീണ മേഖലകളിലെ സ്റ്റോറുകളിലും ഇത് തന്നെയാണ് അവസ്ഥ. പ്രതിമാസ ടാര്‍ജറ്റ് നേടിയില്ലെങ്കില്‍ ജീവനക്കാരുടെ ശമ്ബളത്തെയും ഇത് ബാധിക്കും. പാക്കിംഗ് സെക്ഷനില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്കും വരുമാനം മുടങ്ങുന്ന സ്ഥിതിയാണ്. ഒരിടത്തെന്നല്ല, ഗ്രാമീണ മേഖലയില്‍ 15 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയില്‍ വിറ്റുവരവുണ്ടായിരുന്ന സപ്ലൈകോ ഷോപ്പുകളിലെല്ലാം വരുമാനം നേര്‍പകുതിയായി കുറഞ്ഞെന്നതാണ് സമീപകാല അനുഭവം.
വില ഉയരുമോ
പൊതുവിപണിയില്‍ വിലക്കയറ്റം കുതിച്ചുയരവേ അരി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില കൂട്ടാനൊരുങ്ങി സപ്ലൈകോ. ഇതു സംബന്ധിച്ച് സപ്ലൈകോ സര്‍ക്കാരിന് കത്ത് നല്കി. 2016 മുതല്‍ വില ഉയരാതെ പിടിച്ചു നിര്‍ത്തിയിരിക്കുന്ന 13 ഇനം അവശ്യവസ്തുക്കളുടെ വില പരിഷ്കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സപ്ലൈകോ സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. 2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 13 അവശ്യവസ്തുക്കള്‍ക്കും വില വര്‍ദ്ധിപ്പിച്ചിട്ടില്ല. എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് അവശ്യവസ്തുക്കളുടെ വില കൂട്ടില്ല എന്നുള്ളത്. മുമ്ബ് സപ്ലൈകോ വില വര്‍ദ്ധന ആവശ്യപ്പെട്ടപ്പോഴെല്ലാം സര്‍ക്കാരത് നിരാകരിച്ചിരുന്നു. വിപണിയിലെ വില നിയന്ത്രകര്‍ ആകേണ്ട സപ്ലൈകോ തന്നെ വില കൂട്ടാനൊരുങ്ങുന്നതു പൊതുജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുക. വിതരണക്കാര്‍ക്ക് 600 കോടി രൂപയിലേറെ കുടിശികയിനത്തില്‍ സപ്ലൈകോ നല്‍കാനുണ്ട്. അടിയന്തരമായി 500 കോടി രൂപ ലഭിച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മുൻകൂര്‍ പണം നല്‍കാതെ സാധനങ്ങള്‍ ലഭ്യമാക്കാനാകില്ലെന്ന നിലപാടിലാണ് വിതരണക്കാരും. അതുകൊണ്ടു തന്നെ സപ്ലൈകോയുടെ പല വില്പന കേന്ദ്രങ്ങളിലും സാധനങ്ങളുടെ സ്റ്റോക്കില്ല. സബ്സിഡിയുള്ള സാധനങ്ങള്‍ക്കായാണ് കൂടുതല്‍ പേരും സപ്ലൈകോയെ ആശ്രയിക്കുന്നത്. ഇവ വാങ്ങാനെത്തുമ്ബോള്‍ സബ്സിഡിയില്ലാത്ത സാധനങ്ങളും വാങ്ങുമെന്നതാണ് സപ്ലൈകോയുടെ വരുമാനം നിലനിറുത്താൻ സഹായിക്കുന്നത്. എന്നാല്‍ സബ്സിഡി സാധനങ്ങളുടെ ലഭ്യത കുറഞ്ഞത് സപ്ലൈകോയുടെ മൊത്തം വിറ്റുവരവിനെ ബാധിക്കുന്നുണ്ട്.