കേരളത്തെ പൂര്‍ണമായും അവഗണിച്ചു, രാജീവ് ചന്ദ്രശേഖറിന്റെത് പൊള്ളയായ ന്യായീകരണം; കെ സി വേണുഗോപാല്‍

കേന്ദ്ര ബജറ്റിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്നും കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്നും ഇത്തവണയും എയിംസ് പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തിനും കെ സി വേണുഗോപാല്‍ മറുപടി നല്‍കി. രാജീവ് ചന്ദ്രശേഖറിന്റെത് പൊള്ളയായ ന്യായീകരണമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുത്തലുകള്‍ നടത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ ബജറ്റില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതെന്ന് ചോദിച്ച കെ സി വേണുഗോപാല്‍, കേരളം പദ്ധതികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ബജറ്റില്‍ അവഗണിക്കുകയല്ല വേണ്ടതെന്നും പറഞ്ഞു. കേരളത്തെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ധാതുഖനന ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതിയില്‍ വ്യക്തത വേണമെന്നും പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഗൂഢോദ്ദേശ്യമുണ്ടോ എന്നത് വ്യക്തമാകുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *