കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ.റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത് .
റോയിയുടെ മരണം വെടിയേറ്റെന്ന് സ്ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയതായി ബൗറിംഗ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു.
ഇടതു നെഞ്ചില്‍ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്ന് തല്‍ക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്ടർ അരവിന്ദ് പറഞ്ഞു. 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂർണ്ണ വിശകലനത്തിനായി വിശദമായ റിപ്പോർട്ടുകള്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്ത സാമ്ബിളുകളുടേയും മറ്റും പരിശോധന നടത്തി വരികയാണ്. പോലീസ് ഫോററൻസിക് ലബോറട്ടറിയുമായി സഹകരിച്ചാണ് ഈ പരിശോധനകള്‍ നടത്തുന്നത്.
റോയിയുടെ മരണത്തില്‍ കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അന്വേഷണത്തിന് ഉത്തരവിട്ടു. ‘റോയ് ദുബായില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് എത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഓഫീസില്‍ വെച്ച് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം അദ്ദേഹം അഞ്ചു മിനിറ്റ് ഇടവേളയെടുത്തു, തന്റെ മുറിയിലേക്ക് പ്രവേശിച്ചു, 20 മിനിറ്റിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു’ പരമേശ്വര പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം നല്‍കിയതായും പരമേശ്വര വ്യക്തമാക്കി.
