പയ്യന്നൂരിലെ സി.പി.എം നേതാവും എം.എല്‍.എയുമായ ടി.ഐ. മധുസൂദനനെതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയില്‍ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ അടിയന്തര പ്രമേയത്തിന് അനുമതിയില്ല.
അടിയന്തര പ്രാധാന്യമില്ലാത്ത വിഷയമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. ഇതില്‍ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്ലക്കാർഡുകള്‍ ഉയർത്തി സ്പീക്കറുടെ ചേംബർ പ്രതിപക്ഷ എം.എല്‍.എമാർ മറക്കാൻ ശ്രമിച്ചു.
ഫണ്ട് തിരിമറിയില്‍ അവതരണാനുമതി തേടാനുള്ള അവസരം പോലും നല്‍കാതെയാണ് സ്പീക്കർ പ്രതിപക്ഷ ആവശ്യം തള്ളിയത്. പ്രതിപക്ഷത്ത് നിന്ന് സജി ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ ആവശ്യമെങ്കില്‍ അംഗത്തിന് ആദ്യ സബ്മിഷനായി ഉന്നയിക്കാമെന്നും ചൂണ്ടിക്കാട്ടി.
സ്പീക്കറുടെ റൂളിങ്ങിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയം ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ അടക്കമുള്ളവരെ കുറുവടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊന്നൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് സി.പി.എം നേതാക്കള്‍ ചെയ്യുന്നത്. ഇത്രയും ഗൗരവമുള്ള വിഷയം സഭയിലല്ലാതെ എവിടെയാണ് പറയേണ്ടത്. ഏത് ചട്ടത്തിൻറെ അടിസ്ഥാനത്തിലാണ് സ്പീക്കർ വിഷയത്തില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് പറയുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു.
