ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളില്‍ കര്‍ശന അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം.
തിരുവല്ലയിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച രണ്ടര കോടി രൂപ നഷ്ടമായിട്ടും തന്ത്രി പരാതി നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് എസ്ഐടി നിഗമനം. ബാങ്ക് പൊട്ടിയിട്ടും തന്ത്രി ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ല. തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചപ്പോഴാണ് എസ്ഐടിക്ക് നിര്‍ണായക വിവരം ലഭിച്ചത്.
ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്ഐടിയോട് ഇക്കാര്യം പറഞ്ഞില്ല. വെള്ളപ്പൊക്കത്തില്‍ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ്ഐടി അന്വേഷണം തുടങ്ങിയത്.
തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ഇടപാടുകള്‍, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലന്‍സ് കോടതി പരിഗണിക്കും
