നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുക പിണറായി തന്നെ; എം.എ ബേബി

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി.

അദ്ദേഹം മത്സരിക്കുമോ, ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയാകുമോ എന്നീ കാര്യങ്ങള്‍ അതാത് ഘട്ടത്തിലാണ് തീരുമാനിക്കുകയെന്നും എം.എ ബേബി പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതിയില്ല. ഇടതുപക്ഷ മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ആരും നയിക്കും എന്ന് തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിയുമോ. അതിന് യോഗം ചേർന്ന് തീരുമാനമെടുക്കണം. ഏതെങ്കിലും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന പാർട്ടിയല്ല ഇത്. ഇടതുമുന്നണിയിലെ ഘടക പാർട്ടി നേതാക്കളെല്ലാം ഈ പോരാട്ടത്തില്‍ നായക സ്ഥാനത്ത് തന്നെയുണ്ടാകുമെന്നും എം.എ ബേബി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി തലസ്ഥാനത്ത് ചേർന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന് ഭരണ തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവുമാണ് കേന്ദ്ര കമ്മിറ്റിക്കുള്ളത്. പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെട്ട എത്ര നേതാക്കള്‍ മത്സരിക്കുമെന്നതും തീരുമാനിച്ചിട്ടില്ല. ടേം വ്യവസ്ഥയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഒരുകാലത്ത് കൊണ്ടുവന്ന വ്യവസ്ഥകള്‍ അതേപടി എല്ലാകാലത്തും തുടർന്നു പോകണമെന്നില്ല.

സി.പി.എമ്മിന് മൃദുഹിന്ദുത്വമെന്നത് ആസൂത്രിതമായ പ്രചാരണമാണ്. സിപിഎമ്മിന് മൃദു ഹിന്ദുത്വം ആരോപിക്കുന്നവർക്ക് ദൃഢ ഹിന്ദുത്വമാണുള്ളത്. തൃശൂർ പാർലമെൻറ് മണ്ഡലത്തില്‍നിന്ന് ബി.ജെ.പിയെ വിജയിപ്പിച്ചവർ ആരാണ് എന്നത് പകല്‍പോലെ വ്യക്തമാണ്. അവിടെ വോട്ട് കുറച്ചത് ആർക്കാണ് എന്ന് എല്ലാവർക്കും അറിയാം. കോ-ലീ-ബി സഖ്യം പരീക്ഷിച്ചവരാണ് സി.പി.എമ്മിന് മേല്‍ ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് മരനിരപേക്ഷതയെ പറ്റി പറയുന്നതാകട്ടെ, ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കത്തിച്ച്‌ കൂസലില്ലാതെ നിന്നിട്ടും. എസ്.എൻ.ഡി.പിയും എൻ.എസ്.എസും യോജിച്ച്‌ പ്രവർത്തിക്കുന്നുവെന്ന് പറയുമ്പോഴും അവർ യോജിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് നോക്കിയിട്ടേ അഭിപ്രായം പറയാനാകൂവെന്നും ബേബി വ്യക്തമാക്കി.

കേരളത്തിലും വർഗീയ രാഷ്ട്രീയം കടത്തിവിടാനുള്ള ശ്രമം നടക്കുന്നുവെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞതിന്റെ അകത്തുകയെന്നും അതിന് അദ്ദേഹം ഉപയോഗിച്ച ഭാഷയും വാക്കുകളും സംബന്ധിച്ച്‌ തനിക്ക് അധികം പിടിപാടില്ലെന്നും എം.എ ബേബി പറഞ്ഞു. മലപ്പുറത്തെ കുറിച്ച വിവാദ പരാമർശങ്ങളെ കുറിച്ച ചോദ്യത്തോടായിരുന്നു പ്രതികരണം. കഴിഞ്ഞ 10 വർഷക്കാലം കേരളത്തില്‍ ഒരു വർഗീയ ലഹള നടന്നിട്ടില്ല. എന്നാല്‍ വർഗീയമായും ജാതീയമായും വിലപേശുന്ന സംവിധാനം ഇവിടെ ഉണ്ടായിരുന്നു. തങ്ങളുടെ പാർട്ടി അഞ്ചാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇവിടെ ഉയർന്നു കേട്ടു. വർഗീയ പരാമർശം നടത്തുന്നവരെ മുഖ്യമന്ത്രി ചേർത്തുപിടിക്കുന്ന എന്ന പരാമർശം തെറ്റാണ്. ഒരു സമുദായ നേതാവിൻറെ ചില നിലപാടുകള്‍ കേരളത്തിൻറെ പാരമ്പര്യത്തിന് ചേരുന്നതല്ലെന്ന് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. സംഘപരിവാർ വർഗീയതക്കെതിരെ ആഞ്ഞടിക്കുന്നയാളാണ് മുഖ്യമന്ത്രി -എം.എ. ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *