കേരള കോണ്‍ഗ്രസ് എമ്മില്‍ ഉദ്വേഗ നീക്കങ്ങള്‍ നടക്കുന്നതായി സൂചന. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് മുന്നണി വിടുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണില്‍ സംസാരിച്ചെന്നാണ് പുറത്തുവരുന്ന സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടുന്നുണ്ട് എന്നാണ് വിവരം. എന്നാല്‍ ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചുവെന്ന അഭ്യൂഹം കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ നാല് എംഎല്‍എമാർ ഉറപ്പുനല്‍കി. കാഞ്ഞിരപ്പള്ളി എംഎല്‍എ എൻ ജയരാജ്, പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യൻ കുളത്തിങ്കല്‍, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണൻ എന്നിവരാണ് ജോസ് കെ മാണിയെ നിലപാട് അറിയിച്ചത്.
അതേസമയം എല്‍ഡിഎഫില്‍ തുടരണമെന്നാണ് ഇടുക്കി എംഎല്‍എയും ജലവിഭവവകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ നിലപാട്. പാർട്ടി മുന്നണി മാറ്റമെന്ന തീരുമാനം എടുത്താല്‍ റോഷി അഗസ്റ്റിൻ എല്‍ഡിഎഫിനൊപ്പം തുടരുമെന്നാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം വീണ്ടും പിളരുന്ന സാഹചര്യത്തിലേക്ക് വരെ എത്തും. മുന്നണിയില്‍ തുടരുമെന്ന് വ്യക്തമാക്കും വിധം ‘തുടരും’ എന്ന് റോഷി അഗസ്റ്റിൻ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. എല്‍ഡിഎഫ് നേതാക്കള്‍ക്കും മന്ത്രിമാർക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് മുന്നണിവിട്ട് യുഡിഎഫിലേക്ക് പോകുമെന്ന് സൂചന ശക്തമാക്കുന്ന നീക്കമാണിത്. 16 ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ഇതില്‍ നിർണായകമാകും.
ഇതിനിടെ എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥാ ക്യാപ്റ്റന്റെ സ്ഥാനത്തുനിന്നും ജോസ് കെ മാണി മാറിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. റാലിയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാകാൻ ജോസ് കെ മാണി തയ്യാറെടുക്കുന്നതായും റാലി നയിക്കാൻ എൻ ജയരാജിനോട് ആവശ്യപ്പെട്ടതുമായാണ് വിവരം. ഫെബ്രുവരി ആറ് മുതല്‍ 13വരെയുള്ള ജാഥ ആറന്മുളയില്നിന്ന് തുടങ്ങി അങ്കമാലിയിലാണ് അവസാനിക്കുക.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സത്യാഗ്രഹ സമരത്തില്‍ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. കേരളത്തിന് പുറത്ത് യാത്രയില്‍ ആയതിനാലാണ് പാർട്ടി ചെയർമാന് തിരുവനന്തപുരത്തെ സമര പരിപാടിയില്‍ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നായിരുന്നു കോണ്‍ഗ്രസ് എമ്മിന്റെ വിശദീകരണം. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എൻ ജയരാജുമടക്കം പാർട്ടിയുടെ എംഎല്‍എമാരും സമരപരിപാടിയില്‍ പങ്കെടുത്തിരുന്നു.
