രാഹുല് മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. പരാതി നല്കിയ യുവതിയെ അഭിനന്ദിക്കുന്നുവെന്നും സൈബര് ആക്രമണങ്ങളെ ഭയക്കാതെ ധൈര്യത്തോടെ മുന്നോട്ടുവന്ന ധൈര്യത്തെ പ്രശംസിക്കുന്നുവെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് അവസാനിക്കുകയും രാഹുലിനെ പാര്ട്ടിയില് നിന്ന് പുറത്താക്കുകയും ചെയ്തതിന് ശേഷമാണ് മൂന്നാമത്തെ പരാതി വന്നത്. ഇനിയെങ്കിലും പരാതികള് രാഷ്ട്രീയ പ്രേരിതമെന്ന് പറയരുതെന്ന് റിനി കൂട്ടിച്ചേര്ത്തു.
പെണ്‍കുട്ടികള്‍ക്കൊപ്പമാണ് കേരളത്തിന്റെ മനസാക്ഷി. ഇത് ഇവിടെ അവസാനിക്കുന്ന കേസല്ല. ഇനിയും അതിജീവിതകളുണ്ട്. അവരെല്ലാം മുന്നോട്ട് വരണം. അവർക്കുണ്ടായ പ്രശ്നങ്ങള്‍ പുറത്തുപറയണം, ധൈര്യത്തോടെ മുന്നോട്ട് വരണം. ഇനിയും മറഞ്ഞിരിക്കരുത്.
ഓരോരുത്തരും നേരിട്ട പ്രശ്നങ്ങള്‍ സമൂഹത്തിനുമുന്നില്‍ വെളിപ്പെടുത്തുമ്ബോള്‍ മാത്രമേ ഇത്തരത്തിലുള്ള ക്രിമിനലുകളെ തുറന്നുകാട്ടാൻ സാധിക്കൂ. നിങ്ങളുടെ നീതി നിങ്ങള്‍ തന്നെ കണ്ടെത്തണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
ഒരു യുവ നേതാവില് നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുല് മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ കൂടുതല്‍ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുല്‍ അനുകൂലികളില്‍നിന്ന് വധഭീഷണിയടക്കം നേരിട്ടുവെന്ന് റിനി പറഞ്ഞിരുന്നു.
