മലയാളികളുടെ പ്രിയനടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ഡയാലിസിന് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങി.
200-ലധികം സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ ബഹുമുഖ പ്രതിഭയാണ് വിടവാങ്ങിയത്. 48വർഷം നീണ്ട സിനിമാ ജീവിതത്തില്‍ നിന്നുകൂടിയാണ് അദ്ദേഹത്തിന്റെ മടക്കം. സാധാരണക്കാരുടെ ജീവിതത്തെ തന്റെ കഥയിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മുന്നിലെത്തിച്ച കലാകാരൻ. സംവിധായകനായും നടനായും മലയാളികള്‍ക്കിടയില്‍ സജീവമായ ശ്രീനിവാസന് പുതുതലമുറയുടെ ഇഷ്ടവും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
1977-ല്‍ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത ,ചമ്ബക്കുളം തച്ചൻ, വരവേല്പ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്ബേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്ബോള്‍ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങള്‍ക്ക് തിരകഥ ഒരുക്കി.
പ്രേക്ഷകരെ ചിരിച്ചും ചിന്തിപ്പിച്ചും ഒട്ടനവധി കഥാപാത്രങ്ങള്‍ ശ്രീനിവാസൻ സമ്മാനിച്ചു. ശ്രീനിവാസൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ,സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
