കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്റർ പരിധിയില്‍ സർക്കാർ എല്‍.പി സ്കൂളുകളും മൂന്ന് കിലോമീറ്റർ പരിധിയില്‍ സർക്കാർ യു.പി സ്കൂളുകളും സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭാ പരിധിയിലെ എലാമ്ബ്രയില് സർക്കാർ എല്‍.പി സ്കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാതിരുന്ന സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. നൂറുശതമാനം സാക്ഷരതയുള്ള കേരളം പോലുള്ള സംസ്ഥാനം വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാൻ തയാറാകാത്തതില്‍ സുപ്രീംകോടതി അമ്ബരപ്പ് പ്രകടിപ്പിച്ചു.
ഫണ്ടില്ലെന്ന് പറഞ്ഞോ കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ചൂണ്ടിക്കാട്ടിയോ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതില്‍ വീഴ്ചവരുത്താൻ സർക്കാറിനാവില്ല. കേരളം നൂറുശതമാനം സാക്ഷരത കൈവരിച്ചത് വിദ്യാഭ്യാസ മേഖലയില്‍ പണം ചെലവിട്ടത് കൊണ്ടാണ്. അതില്‍ കേരളം അഭിമാനിക്കുന്നുമുണ്ട്.
മഞ്ചേരി എലാമ്ബ്രയില് സർക്കാർ എല്‍.പി സ്കൂള്‍ സ്ഥാപിക്കുന്നതിന് പകരം മൂന്ന് കിലോമീറ്റർ അപ്പുറത്തേക്കുള്ള സ്കൂളില്‍ ബസില്‍ കുട്ടികളെ സർക്കാർ ചെലവില്‍ കൊണ്ടുപോകാം എന്ന സംസ്ഥാന സർക്കാറിന്റെ വാദം സുപ്രീംകോടതി തള്ളി. ബസില്‍ സ്കൂളുകളിലെത്തിക്കാനല്ല, ഒരു കിലോമീറ്റർ പരിധിയില്‍ സ്കൂളുകള്‍ സ്ഥാപിക്കാനാണ് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്കൂളുകള്‍ സ്ഥാപിക്കാൻ ആറ് മാസത്തിനകം നടപടി ആരംഭിക്കണം. വിധി എയ്ഡഡ് മേഖലക്കും സ്വകാര്യ മേഖലക്കും ബാധകമാകില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
