ബിഹാറില്‍ എൻഡിഎ കൊടുങ്കാറ്റ്; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

ബിഹാറില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂർ പിന്നിടുമ്ബോള്‍ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എൻഡിഎ.

നിലവില്‍ എൻഡിഎ നേതൃത്വം നല്‍കുന്ന മഹാസഖ്യം 200 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യത്തിന്റെ മഹാഗണ്‍ബന്ധന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 35 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ ആറ് സീറ്റിലും മുന്നേറുന്നു.

തപാല്‍ വോട്ടിലും എല്‍ഡിഎ

തപാല്‍ വോട്ടെടുപ്പിലും എൻഡിഎയുടെ മുന്നേറ്റമായിരുന്നു. വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിൻറെ ജൻ സ്വരാജ് പാർട്ടിക്കും ഒരുഘട്ടത്തിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല.

രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്

രാജ്യം ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. അരമണിക്കൂറിനുള്ളില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. വൈകിട്ടോടെ മാത്രമേ അന്തിമ ചിത്രം വ്യക്തമാകു.

ബിജെപിയും നിധീഷ് കുമാർ നേതൃത്വം നല്‍കുന്ന ജെഡിയുവും അടങ്ങുന്ന എൻഡിഎ സഖ്യവും കോണ്‍ഗ്രസും ആർജെഡിയും നേതൃത്വം നല്‍കുന്ന മഹാഗഡ്ബന്ധൻ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.

ബീഹാറിന്റെ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ പോളിംങ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 66.91 ശതമാനം വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കനത്ത പോരാട്ടമാണ് നടന്നതെന്ന സൂചനയാണ് വോട്ടിംങ് ശതമാനത്തിലെ ഉയർച്ചയില്‍ നിന്ന് വ്യക്തമാകുന്നത്.

രണ്ടാം ഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം 68.76 ല്‍ നിന്ന് 69.20 ശതമാനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഷ്‌കരിച്ചിരുന്നു. ആദ്യ ഘട്ടത്തിലെ പോളിങ് 65.08 ശതമാനമായിരുന്നു. 2000 ത്തിലധികം പോളിങ് ബൂത്തുകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കാൻ വൈകിയതാണ് പുനഃപരിശോധന നടത്താൻ കാരണമായത്.

പുതുക്കിയ കണക്കുകള്‍ പ്രകാരം, ബിഹാർ വോട്ടെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിലെ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതില്‍ 74.56 ശതമാനം സ്ത്രീകളും 64.41 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തിയെന്ന് പറയുന്നു.

രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 20 ജില്ലകളിലും പുരുഷന്മാരേക്കാള്‍ സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം കൂടുതലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ആകെ ജനസംഖ്യയുടെ 68 ശതമാനത്തോളം ന്യൂനപക്ഷ വിഭാഗങ്ങളുള്ള കിഷൻഗഞ്ച് ജില്ലയില്‍ പുരുഷന്മാരുടെ പോളിങ് 69.07 ശതമാനവും സ്ത്രീ വോട്ടർമാരുടെ പോളിങ് 88.57 ശതമാനമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *