കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും ഫീറ്റൽ ബലൂൺ അയോർട്ടിക് വാൽവോട്ടമി ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ പൂർണ്ണമായും സൗജന്യമായി നിർവ്വഹിച്ചത്..
കോഴിക്കോട്: തൻ്റെ കുഞ്ഞിനെ ഒരുനോക്കുപോലും കാണാനാവാതെ കുഞ്ഞ് ഈ ലോകം വിട്ടുപോവുമോ എന്ന നോവിലായിരുന്നു അഞ്ച് മാസം ഗർഭിണിയായ മുഹ്‌സിന കോഴിക്കോട് ആസ്റ്റർ മിംസിലെത്തിയത്. നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ സ്കാനിംഗിൽ കുഞ്ഞിൻ്റെ ഹൃദയത്തിൻ്റെ പ്രവർത്തനത്തിന് ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഉടൻ വിദഗ്ധ ചികിത്സ നൽകിയില്ലങ്കിൽ കുഞ്ഞിൻ്റെ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് മുഹ്സിനയും ഭർത്താവും പീഡിയാട്രിക് കാർഡിയോളജിസ്ട് രേണു പി കുറുപ്പിൻ്റെ അടുത്തെത്തിയത്. ഡോക്ടറുടെ പരിശോധനയിൽ കുഞ്ഞിൻ്റെ ഹൃദയത്തിലെ പ്രധാന പമ്പിംഗ് അറയായ ഇടത് വെൻട്രിക്കിളിൻ്റെ പ്രവർത്തനം വളരെ കുറഞ്ഞ അവസ്ഥയിലാണെന്ന് കണ്ടെത്തി. അതിനു കാരണം ശുദ്ധ രക്തം കൊണ്ടുപോവുന്ന അയോർട്ടയുടെ വാൽവ് വളരെ ചുരുങ്ങിയ അവസ്ഥയിലായത് കൊണ്ടാണെന്നും ഡോക്ടർ നിരീക്ഷിച്ചു. വാൽവ് വളരെ ചുരുങ്ങിയത് കൊണ്ടുതന്നെ നേരിയ രക്തയോട്ടമായിരുന്നു ഇതിലൂടെ കടന്നുപോയത്. ഗർഭകാലം കഴിഞ്ഞ് ആരോഗ്യകരമായി കുട്ടി പുറത്ത് വരാൻ മൂന്ന് മാസത്തിൽ കൂടുതൽ ഉള്ളത് കൊണ്ടും ഇങ്ങനെ ഗർഭാവസ്ഥയിൽ തുടരുന്നത് കുഞ്ഞിൻ്റെ ജീവൻ അപകടത്തിലാവാൻ സാധ്യത ഉള്ളതും ഡോകടർമ്മാർക്കും കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും ഒരുപോലെ വെല്ലുവിളിയായിരുന്നു. കേരളത്തിൽ ഇന്ന് വരെ ചെയ്യാത്തതും ഇന്ത്യയിൽ തന്നെ നാലോളം കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത ‘ഫീറ്റൽ ബലൂൺ അയോർട്ടിക് വാൽവോട്ടമി’ ചികിത്സയിലൂടെ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് ഡോകടർ അറിയിച്ചു. കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ എന്തിനും തയ്യാറാണെന്ന് നിശ്ചയ ദാർഢ്യവുമായി മുഹ്‌സിനയും കുടുംബവും അറിയിച്ചതോടെ കേരളത്തിലെ ആദ്യ ഗർഭാവസ്ഥയിലുള്ള കുഞ്ഞിൻ്റെ ഹൃദയ വാൽവിലെ കീ ഹോൾ ശസ്ത്രക്രിയ(ഫീറ്റൽ ബലൂൺ അയോർട്ടിക് വാൽവോട്ടമി) അമ്മയുടെ വയറ്റിൽ വെച്ച് നടത്തുകയായിരുന്നു. ഈ ശസ്ത്രക്രിയയിൽ ഏറ്റവും പ്രധാനപ്പെട്ടത് അമ്മയുടെ വയറ്റിലിരിക്കുന്ന കുഞ്ഞിൻ്റെ പൊസിഷൻ ഡോക്ടർക്ക് അഭിമുഖമായിരിക്കുക എന്നതാണ്. ആദ്യഘട്ടത്തിൽ അമ്മയെ സർജറിക്ക് വേണ്ടി എല്ലാ തയ്യാറെടുപ്പുകളോടും കൂടി തിയേറ്ററിൽ അതി രാവിലെ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് വരെ കുട്ടിയുടെ പൊസിഷൻ ഡോക്ടർക്ക് അഭിമുഖമല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 3 ദിവസത്തിന് ശേഷം കുട്ടിയുടെ പൊസിഷൻ അഭിമുഖമായി വന്നതിനാൽ അമ്മക്കും കുട്ടിക്കും അനസ്തേഷ്യ നൽകി സർജറിയിലേക്ക് പ്രവേശിക്കുകയും വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. അത്യന്തം അപകടരമായ ഇത്തരം ശസ്ത്രക്രിയക്ക് മുന്നിട്ടിറങ്ങാൻ കാരണം കുഞ്ഞിൻ്റെ അമ്മയുടെയും കുടുംബത്തിൻ്റെയും ഡോക്ടർമ്മാരിലും ആശുപത്രിയിലെ സൗകര്യങ്ങളിലും വിശ്വാസവും നിശ്ചയ ദാർഢ്യവുമാണെന്നും, കൂടാതെ ഹോസ്പിറ്റലിലെ മെഡിക്കൽ ടീം അംഗങ്ങളുടെയും, മാനേജ്മെൻ്റിൻ്റെയും പരിപൂർണ്ണ പിന്തുണന കൊണ്ടുമാണെന്ന് ഡോ.രേണു പി കുറുപ്പ് പറഞ്ഞു. ആറാം മാസത്തിൽ അമ്മയുടെ വയറ്റിൽ വെച്ച് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിന് ആ അമ്മ ജന്മം നൽകുകയും, ജനന ശേഷം നടത്തിയ ശസ്ത്രക്രിയയും വിജയകരമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇന്ന് തൻ്റെ പുതു ലോകത്തെ പൂർണ്ണ ആരോഗ്യത്തോടെ നോക്കിക്കാണുന്ന ആ കുഞ്ഞിൻ്റെ ഇളം ചിരിക്ക് കാരണം ദൈവത്തിൻ്റെ അനുഗ്രഹവും ആസ്റ്റർ മിംസിൻ്റെ സഹായവുമാണെന്നു മുഹ്സിന പറയുന്നു. ഈ ചരിത്ര നിമിഷത്തിന് ആശുപത്രിയെയും ഡോക്ടർമാരെയും വിശ്വസിച്ച് കൂടെ നിന്ന കുടുംബത്തിന് ചികിത്സാ ചിലവ് പൂർണ്ണമായും ഒഴിവാക്കിയാണ് നൽകിയതെന്ന് സിഒഒ ലുഖ്മാൻ പൊൻന്മാടത്ത് പറഞ്ഞു. ശസ്ത്രക്രിയയിൽ ഡോക്ടർമാരായ പി.എസ്. ശ്രീജ, എഡ്വിൻ ഫ്രാൻസിസ്, ഗിരീഷ് വാരിയർ, കെ.എസ്. രമാദേവി, പി. സുജാത, ശബരീനാഥ് മേനോൻ, അനു ജോസ്, നബീൽ ഫൈസൽ, പി.എസ്. പ്രിയ, നഷ്റ, സ്വേത താപ്പ, റൈനു, ഉമാ രതീഷ് തുടങ്ങിയവർ പങ്കാളികളായി.