1964ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമുതലാണ് വിഎസിന്റെ വേറിട്ട ശബ്ദം പാർട്ടി വേദികളില്‍ മുഴങ്ങി തുടങ്ങിയത്.പാർട്ടിയിലെ വിമത സ്വരം കൂടിയായിരുന്നു എന്നും വിഎസ്.
11 തവണയാണ് അച്ചടക്ക നടപടി നേരിട്ടത്.
1964 ഏപ്രില്‍ 11ല്‍ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്നവരില്‍ ശേഷിച്ചിരുന്നത് രണ്ടുപേർ മാത്രമായിരുന്നു. വിഎസിനേക്കാള്‍ രണ്ടുവയസ്സു കൂടുതലുള്ള ശങ്കരയ്യ ഇപ്പോഴുമുണ്ട്. തമിഴ്നാട്ടിലെ മധുരയില്‍. ഒരിക്കലും കലഹിക്കാത്ത സൗമ്യ നേതൃത്വമായിരുന്നു ശങ്കരയ്യയെങ്കില്‍ നിലപാടിനായി പാർട്ടിയില്‍ ഏതറ്റം വരെയും പോരാടിയിരുന്ന വിമതൻ കൂടിയായിരുന്നു വിഎസ്. പാർട്ടി പിളർപ്പിനു പിന്നാലെയാണ് ആദ്യ അച്ചടക്ക നടപടി. ചൈനീസ് ചാരന്മാരെന്നു രേഖപ്പെടുത്തി സിപിഎം പ്രവർത്തകരെ ജയിലിലാക്കിയ കാലം. ജയിലില്‍ ഇകെ നായനാരും എംവി രാഘവനും വിഎസും ഒന്നിച്ചുണ്ട്. എ.വി കുഞ്ഞമ്ബുവാണ് പാർട്ടിയുടെ ജയില്‍ സെല്‍ സെക്രട്ടറി. പാർട്ടി നടപടിയിലേക്കു നയിച്ചത് ജയിലില്‍ ആയിരിക്കുമ്ബോള്‍ ഉണ്ടായ ഇന്ത്യാ പാകിസ്താൻ യുദ്ധമാണ്. യുദ്ധത്തില്‍ നൂറുകണക്കിന് ഇന്ത്യൻ സൈനികർ മരിച്ചുവീണു. ആയിരങ്ങള്‍ക്കു പരുക്കേറ്റു. ചികില്‍സപോലും ഏറെ ശ്രമകരമായി. അന്നു കേന്ദ്രസർക്കാർ തടവില്‍ ഉള്ളവരോട് രക്തം ദാനം ചെയ്യാൻ ആവശ്യപ്പെട്ടു.
രക്തം ദാനം ചെയ്യണം എന്ന സർക്കാർ അഭ്യർത്ഥന അംഗീകരിക്കണോ എന്നായിരുന്നു സെല്ലില്‍ ഉയർന്ന ചോദ്യം. സൈനികർക്ക് രക്തം നല്‍കണം എന്ന നിലപാടില്‍ വിഎസ് ഉറച്ചു നിന്നു. എതിർത്തവർ ഇ കെ നായനാർ, കെപിആർഗോപാലൻ, എംവി രാഘവൻ, എൻ സി ശേഖർ, പാട്യം ഗോപാലൻ, കെ.സി നന്ദനൻ എന്നിവർ. എ.വി കുഞ്ഞമ്ബു മാത്രം വിഎസിനൊപ്പം നിന്നു. രക്തം ദാനം ചെയ്യേണ്ടതില്ലെന്ന് ഭൂരിപക്ഷ അഭിപ്രായത്തോടെ ജയില്‍ സബ്കമ്മിറ്റി തീരുമാനം എടുത്തു. ഭൂരിപക്ഷത്തെ തള്ളി വിഎസ് രക്തദാനം നടത്തി. അതിനായിരുന്നു ആദ്യ നടപടി.
രണ്ടാമത്തെ അച്ചടക്ക നടപടി ജലവൈദ്യുതി പദ്ധതികളെ തള്ളിയതിനായിരുന്നു. സൈലൻറ് വാലി പ്രക്ഷോഭ സമയത്ത് ആ സമരത്തെയാണ് വിഎസ് പിന്തുണച്ചത്. പാർട്ടിയില്‍ വിഎസിൻറെ വേറിട്ട പാരിസ്ഥിതിക നിലപാട് പുറത്തറിയുന്നത് അന്നത്തെ പരസ്യ താക്കീതിലൂടെയാണ്. 1998ല്‍ ഗ്രൂപ്പിസത്തെ പിന്തുണച്ചെന്ന കണ്ടെത്തലിലും നടപടി. 1996ല്‍ മുഖ്യമന്ത്രി ആകുമെന്നു കരുതിയിരുന്ന വിഎസ് മാരാരിക്കുളത്തു തോറ്റതിനു പിന്നാലെയാണ്. തോറ്റതല്ല തോല്‍പിച്ചതാണ് എന്ന നിലപാട് പരസ്യമായി പറഞ്ഞതിനായിരുന്നു നടപടി.
ലൈവ്ലിനില്‍ ചേരിതിരിഞ്ഞു നിന്ന മുഖ്യമന്ത്രി വിഎസും പാർട്ടി സെക്രട്ടറി പിണറായി വിജയനും 2007ല്‍ ഒന്നിച്ചു പിബിയില്‍ നിന്നു പുറത്തായി. പരസ്യപ്രസ്താവനകളായിരുന്നു രണ്ടുപേർക്കും എതിരായ നടപടിക്കു കാരണമായത്. ഏറെ വൈകാതെ പിബിയില്‍ ഇരുവരും മടങ്ങിയെത്തിയെങ്കില്‍ 2009ല്‍ വിഎസിനെതിരേ മാത്രം നടപടി. മുഖ്യമന്ത്രി ആയിരിക്കുമ്ബോഴാണ് അച്ചടക്കം ലംഘിച്ചതിന് പിബിയില്‍ നിന്നു പുറത്തായത്. എന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനു മാറ്റമുണ്ടായില്ല. 2011ല്‍ പ്രതിപക്ഷ നേതൃസ്ഥാനം പാർട്ടി നല്‍കാതെയും ഇരുന്നില്ല.
2011ല്‍ വീണ്ടുമുണ്ടായി പരസ്യ ശാസന. നടപടി ലോട്ടറികേസില്‍ തോമസ് ഐസക്കിനെ പ്രതിസന്ധിയിലാക്കി എന്ന കണ്ടെത്തലിലായിരുന്നു അത്. പിന്നെ അടുത്തവർഷം ഒഞ്ചിയം സന്ദർശനത്തിലെ പരസ്യ ശാസന . പാർട്ടിക്കു പുറത്തായപ്പോഴും ഒഞ്ചിയവും ടിപി ചന്ദ്രശേഖരനും എന്നും വിഎസിനൊപ്പമായിരുന്നു. ആ കൊലപാതകത്തിനു ശേഷം രമയെ സന്ദർശിക്കാൻ വിഎസ് പോയ ദിവസമായിരുന്നു നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്. കെ.കെ രമയെ വിഎസ് ചേർത്തുപിടിക്കുമ്ബോള്‍ പരസ്യമായി തള്ളിയത് പാർട്ടിയുടെ നിലപാടിനെ കൂടി കൂടി ആയിരുന്നു. പ്രതികള്‍ പാർട്ടിയില്‍ തന്നെ ഉണ്ട് എന്നായിരുന്നു ആ സന്ദർശനത്തിൻറെ പ്രഖ്യാപനവും.
തൊട്ടുപിന്നാലെ പരസ്യശാസന കൂടംകുളം നിലപാടിൻറെ പേരിലായിരുന്നു. കൂടുംകുളത്തേക്കു പുറപ്പെട്ട വിഎസിനെ അതിർത്തിയില്‍ തമിഴ്നാട് പൊലീസ് തടഞ്ഞു. പതിനൊന്നില്‍ അഞ്ചു നടപടികളും വരുന്നത് തൊണ്ണൂറു പിന്നിട്ടശേഷമാണ്. തൊണ്ണൂറു കഴിഞ്ഞ ആ വിഎസ് ആണ് ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതും. ആ വിഎസിനെ അനുനയിപ്പിക്കാനാണ് യെച്ചൂരി ഉള്‍പ്പെടെയുള്ളവർ പിന്നാലെ പോയത്. സിപിഎമ്മിന് വിഎസ് ഇല്ലാതെ കഴിയുമായിരുന്നില്ല. വിഎസിന് പാർട്ടി ഇല്ലാതെയും.
വി എസിന്റെ ഭൗതിക ശരീരം ദര്‍ബാര്‍ ഹൗളില്‍ പൊതുദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ്. പി ബി അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.