ഊതിക്കുന്നതിനു മുമ്ബ് റീഡിംഗ് പൂജ്യത്തിലാണെന്ന് ഉറപ്പുവരുത്തണം; പോലീസിനു നിര്‍ദേശവുമായി കോടതി

മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താനായി പോലീസ് ഉപയോഗിക്കുന്ന ബ്രെത്തലൈസര്‍ ഓരോ തവണ ഉപയോഗിക്കുന്നതിനുമുമ്ബും റീഡിംഗ് ‘പൂജ്യ’ത്തിലാണെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.മദ്യപിച്ചു വാഹനമോടിച്ചതിനു പിടിയിലായ തിരുവനന്തപുരം ബാലരാമപുരം സ്വദേശിക്കെതിരായ കേസ് ഭാഗികമായി റദ്ദാക്കിയാണ് ഉത്തരവ്.

ശ്വാസത്തിലെ ആല്‍ക്കഹോളിന്‍റെ അളവ് കണ്ടെത്തുന്ന ഉപകരണം വ്യക്തികളില്‍ ഉപയോഗിക്കുന്നതിനു മുന്നോടിയായി വായുവില്‍ ‘എയര്‍ ബ്ലാങ്ക് ടെസ്റ്റ്’ നടത്തി പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. തുടര്‍ന്ന് റീഡിംഗ് പൂജ്യമാക്കിയശേഷം വേണം അടുത്ത പരിശോധന നടത്താന്‍. അല്ലാത്തപക്ഷം മദ്യപിച്ചു വാഹനമോടിച്ചവരില്‍ നടത്തുന്ന പരിശോധന ആധികാരികമാകില്ലെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ വ്യക്തമാക്കി.

2024 ഡിസംബര്‍ 30ന് മദ്യപിച്ച്‌ അപകടകരമായി ഇരുചക്രവാഹനം ഓടിച്ച കേസില്‍ തിരുവനന്തപുരം മെഡി. കോളജ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അഡീ. സിജെഎം കോടതിയുടെ പരിഗണനയിലുള്ള കുറ്റപത്രം റദ്ദാക്കാനാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. പോലീസ് നടപടിക്രമങ്ങളിലെ പിഴവുകളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

ഹര്‍ജിക്കാരന്‍റെ ശ്വാസം ടെസ്റ്റ് ചെയ്തപ്പോള്‍ 100 മില്ലിയില്‍ മദ്യത്തിന്‍റെ അംശം 41 എംജി എന്നു കാണിച്ചു. അനുവദനീയമായത് 30 എംജിയാണ്. എന്നാല്‍, അതിനുമുമ്ബെടുത്ത ബ്ലാങ്ക് ടെസ്റ്റില്‍ 412 എംജി എന്നതാണു റീഡിംഗ്. പ്രധാനമായും ഈ അപാകതയാണു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. രക്തപരിശോധന നിശ്ചിതസമയത്ത നടത്തിയില്ലെന്നും അംഗീകൃത ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടി.

ബ്ലാങ്ക് ടെസ്റ്റ് നടത്താതിരുന്നാല്‍ മുന്‍ പരിശോധനയുടെ കണങ്ങള്‍ ഇതില്‍ അവശേഷിക്കാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തിയ കോടതി ഹര്‍ജിക്കാരന്‍റെ വാദം അംഗീകരിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച്‌ അവബോധം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *