സംസ്ഥാനത്ത് 5 ദിവസം കൂടി ശക്തമായ മഴ തുടരും

 കേരളത്തില്‍ 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂണ്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് അറിയിപ്പ്.

ജൂണ്‍ 29 ഓടെ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് പിന്നീടുള്ള 24 മണിക്കൂറില്‍ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുകയും ചെയ്‌തേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതെസമയം ഇന്ന് ഇടുക്കി, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിനും മുകളിലായി ജൂണ്‍ 29 ഓടെ ചക്രവാതചുഴി രൂപപ്പെടാനും തുടർന്നുള്ള 24 മണിക്കൂറില്‍ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഇന്നും നാളെയും (ജൂണ്‍ 27, 28) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂണ്‍ 27 മുതല്‍ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 28, 29 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *