എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ ഇരുമ്ബ് പൈപ്പ് കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തുകയും മറ്റൊരാളെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി ഋതു രാജ് കുറ്റം സമ്മതിച്ചു.
പ്രദേശവാസികളുമായി നിരന്തരം വഴക്കിടുന്ന പ്രതി അയല്‍ക്കാരായ കുടുംബത്തെയാണ് ആക്രമിച്ചത്. ഒരാള്‍ കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും പരിക്കുകളോടെ ചികിത്സയിലാണ്. ഗുണ്ടാലിസ്റ്റില്‍ പെടുന്നയാളാണ് പ്രതിയെന്ന് പോലീസ് പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് ഇരുമ്ബുവടിയുമായി പ്രതി ആക്രമണം നടത്തിയത്. ചേന്ദമംഗലം കിഴക്കുംപുറം സ്വദേശി വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് മരിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന് പരിക്കുകളോടെ രക്ഷപ്പെട്ടു. മൂവരെയും ഇരുമ്ബ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപെടുത്തുകയായിരുന്നു.
പ്രതി ലഹരിക്ക് അടിമയാണെന്നും നാട്ടിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും നാട്ടുകാര്‍ പറഞ്ഞു. വേണുവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് അയല്‍വാസികള്‍ പറയുന്നു. മോഷണവും അടിപിടിയുമുള്‍പ്പെടെ മൂന്ന് കേസുകള്‍ നിലവില്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.
കൊലപാതകം നടന്ന ശേഷം ജിതിന്റെ സ്കൂട്ടറിലാണു ഋതു സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ആ വഴി വന്ന വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥിരം കുറ്റവാളിയായ ഋതുവിനെ കാണുകയും പന്തികേടു സംശയിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. ഋതുവിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോ ഉള്‍പ്പെടെ പല സിനിമകളും വയലന്‍സിലേക്ക് യുവാക്കളെ നയിക്കുമെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാകാം പ്രതി കൂട്ടക്കൊലപാതകം നടത്തി പോലീസില്‍ കീഴടങ്ങിയതെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.