നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; അസ്വാഭാവികതയില്ലെന്ന് പൊലീസ്

സിനിമാ – സീരിയല്‍ നടൻ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ദിലീപ് ശങ്കർ താമസിച്ച മുറിയില്‍ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നുവെന്നും മരണത്തില്‍ അസ്വാഭാവികത കാണുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.

മുറിയില്‍ നിന്ന് കരള്‍ രോഗത്തിനുള്ള മരുന്നും ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച താരമാണ് ദിലീപ് ശങ്കർ. സീരിയല്‍ അഭിനയത്തിനായാണ് അദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത് എന്നാണ് വിവരം. രണ്ട് ദിവസമായി അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ സീരിയലില്‍ ഒപ്പം അഭിനയിക്കുന്നവർ ഉള്‍പ്പെടെ ഹോട്ടലിലേയ്ക്ക് എത്തിയിരുന്നു. ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *