‘അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണം’ : ഭൂപേന്ദര്‍ യാദവ്

വയനാട് ദുരന്തത്തില്‍ പ്രതികരണവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. കേരളത്തെയും, തദ്ദേശ സ്ഥാനപനങ്ങളെയും അദ്ദേഹം വിമർശിച്ചു.

അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണം. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ദുരന്തം നടന്ന സ്ഥലത്ത് അനധികൃത മനുഷ്യവാസം ഉണ്ടായിരുന്നു. ഇതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. ടൂറിസത്തിന്റെ പേരുപറഞ്ഞ്, പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായി തരംതിരിക്കാൻ പ്രാദേശിക രാഷ്ട്രീയക്കാർ അനുവദിച്ചില്ല. കയ്യേറ്റങ്ങള്‍ക്ക് ഇവർ അനുമതി നല്‍കി.

ദുരന്തമുണ്ടായ പ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഭൂമിയാണത്. തദ്ദേശഭരണകൂടങ്ങളുടെ സംരക്ഷണയിലും സഹായത്തോടെയും അവിടെ അനധികൃത ഖനനവും താമസവും നടന്നു’, ഭൂപേന്ദർ യാദവ് പറഞ്ഞു.

പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട് നേരത്തേ കേന്ദ്ര സർക്കാർ ഒരു സമിതി രൂപവത്കരിച്ചിരുന്നു. കേരളവുമായി ഈ സമിതി ആശയവിനിമയവും നടത്തി. എന്നാല്‍, സംസ്ഥാന സർക്കാർ സമിതിയുമായി സഹകരിക്കാൻ തയ്യാറായില്ല. വയനാട്ടിലെ ദുരന്തമേഖലയില്‍ അനധികൃത മനുഷ്യവാസവും ഖനനവും നടന്നു. ഇത് സംസ്ഥാന സർക്കാരിന്റെ പിഴവാണെന്നാണ് കരുതുന്നത്, കേന്ദ്രമന്ത്രി കൂട്ടിച്ചേത്തു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് പറഞ്ഞ് സംസ്ഥാന സർക്കാരിനെതിരേ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീട് മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *