വധ ശിക്ഷ റദ്ദ് ചെയ്ത ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണില്‍ വിളിച്ച് നന്ദി അറിയിച്ച് അബ്ദുല്‍ റഹീം.
ഒരുപാട് നന്ദിയുണ്ട്. തനിക്കുവേണ്ടി ചെയ്ത സഹായങ്ങള്‍ മറക്കാനാകില്ലെന്നും റഹീം പറഞ്ഞു. ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും നേരില്‍ കാണാമെന്നും റഹീം പറഞ്ഞു. സൗദിയില്‍ നിന്നുള്ള റഹീമിന്റെ ഫോണ്‍ കോള്‍ സംഭാഷണം ഇന്‍സ്റ്റഗ്രാമിലൂടെ ബോബി ചെമ്മണ്ണൂര്‍ പങ്കുവെച്ചു.
തനിക്ക് നന്ദി പറയേണ്ട ആവശ്യമില്ല സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്ന് ബോബി ചെമ്മണ്ണൂര്‍ അബ്ദു റഹീമിന് മറുപടി നല്‍കി. ലക്ഷക്കണക്കിനാളുകളാണ് റഹീമിന്റെ മോചനത്തെ കുറിച്ച് അറിയാന്‍ കാത്തിരുന്നത്. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണം. 18 വര്‍ഷം മുമ്ബ് ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇനി ചെയ്യണമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. നാട്ടിലെത്തിയിട്ട് ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ നിക്കേണ്ട. ബിസിനസ്പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്ന് ബോച്ചെ പറഞ്ഞു.
വധശിക്ഷ റദ്ദാക്കിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയ ശേഷം മാത്രമേ റഹീമിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ.