മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും.വിധി പകര്‍പ്പ് തയ്യാറാക്കുന്നത് വൈകിയതിനാലാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്.
മുന്‍പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നിലപാട് മാറ്റിയത് കോടതിയുടെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നായിരുന്നു നേരത്തെ കുഴല്‍നാടന്റെ ആവശ്യമെങ്കില്‍ കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നായിരുന്നു പിന്നീട് നിലപാട് മാറ്റിയത്. ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്നതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്തത്. കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു.