മോദിയെയും യോഗിയെയും പോലെ മക്കളെ ഉണ്ടാക്കാതെ തൊഴിലില്ലായ്മ തടയണം -ബി.ജെ.പി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മക്കളെ ഉണ്ടാക്കാതെ തൊഴിലില്ലായ്മ തടഞ്ഞുവെന്നും തൊഴിലില്ലായ്മ തടയാൻ മക്കള്‍ക്ക് ജന്മം നല്‍കുന്നത് നിർത്തണമെന്നും ബി.ജെ.പി നേതാവും അഅ്സംഗഢ് സ്ഥാനാർഥിയുമായ ദിനേശ് ലാല്‍ യാദവ്.

തങ്ങള്‍ക്ക് തൊഴിലില്ലെന്ന് പറയുന്നവർ മക്കള്‍ക്ക് ജന്മം നല്‍കി വീണ്ടും തൊഴിലില്ലായ്മ ഉണ്ടാക്കുകയാണെന്ന് ബി.ജെ.പി അഅ്സംഗഢ് സ്ഥാനാർഥി ദിനേശ് ലാല്‍ കുറ്റപ്പെടുത്തി.

ജനസംഖ്യ വർധിക്കുന്നത് കൊണ്ടാണ് തൊഴിലില്ലായ്മ വർധിക്കുന്നതെന്ന് ദിനേശ് ലാല്‍ യാദവ് അവകാശപ്പെട്ടു. ജനസംഖ്യ വർധിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ മോദി നടത്തുന്നുണ്ട്. കുറച്ച്‌ മക്കളെ ഉണ്ടാക്കിയാല്‍ മതിയെന്ന് നിയമം ഉണ്ടാക്കാനും മോദി ആഗ്രഹിക്കുന്നു. സ്വന്തം വയർ നിറക്കാൻ വരുമാനമില്ലെന്നും തങ്ങള്‍ക്ക് തൊഴിലില്ലെന്നും പറയുന്നവർ തൊഴിലില്ലാത്ത താനെന്തിന് മക്കളെ ഉണ്ടാക്കണമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കണം.

മോദിജി തൊഴിലില്ലായ്മ തടഞ്ഞത് ഇവർ കണ്ടില്ലേ ? ഒരു കുട്ടിയെങ്കിലും മോദിക്കുണ്ടോ ?യോഗിജിക്ക് ഒരു കുട്ടിയെങ്കിലുമുണ്ടോ ? യോഗിയും മോദിയും ഇങ്ങിനെയാണ് തൊഴിലില്ലായ്മ തടഞ്ഞത്. ഇരുവരും തൊഴിലില്ലായ്മ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ സർക്കാർ നിർത്താൻ പറഞ്ഞിട്ടും നിങ്ങള്‍ കുട്ടികളെ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതിനാല്‍ തൊഴിലില്ലായ്മ തടയാൻ സർക്കാർ പറയുന്നതൊന്ന് കേള്‍ക്കണമെന്ന് ദിനേശ് ലാല്‍ യാദവ് ആവശ്യപ്പെട്ടു.

സന്തോഷ് കുമാർ കുഷ്വാഹ എന്ന മാധ്യമപ്രവർത്തകനുമായുള്ള അഭിമുഖത്തില്‍ ദിനേശ് ലാല്‍ യാദവ് പറഞ്ഞത് വൈറലായതോടെ വീഡിയോ വ്യാജമാണെന്ന് അവകാശപ്പെട്ടും നിയമ നടപടി എടുക്കുമെന്ന ഭീഷണിയുമായും ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തുവന്നു. എന്നാല്‍ അമിത് മാളവ്യയുടെ ഭീഷണിയും അവകാശവാദവും തള്ളിയ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സനോതഷ് കുമാർ കുശ്‍വാഹയുമായി താൻ സംസാരിച്ചുവെന്നും അദ്ദേഹം റെക്കോഡ് ചെയ്ത ഒറിജിനല്‍ വീഡിയോ ആണിതെന്നും വ്യക്തമാക്കി വീഡിയോ പങ്കുവെച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ അടക്കം നിരവധി പേർ വിവാദ വീഡിയോ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *