മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2024-25 സാമ്ബത്തിക വർഷത്തെ അവിദഗ്ധ തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചതില്‍ കേരളത്തോട് കടുത്ത അവഗണന.കേരളത്തിലെ വേതനം 333 രൂപയില്‍ നിന്ന് 346 രൂപയായാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്.
കർണാടകത്തില്‍ 316 രൂപ ആയിരുന്നത് 349 രൂപയാക്കി. 33 രൂപയുടെ വർധന. തമിഴ്നാട്ടില്‍ 25 രൂപ (8.5 ശതമാനം) വർധിപ്പിച്ചു. ഗോവയില്‍ 34 രൂപയും (10.56 ശതമാനം) തെലങ്കാനയിലും ആന്ധ്രയിലും 28 രൂപയും (10.29 ശതമാനം) വർധിപ്പിച്ചപ്പോഴാണ് കേരളത്തിന് കേവലം 3.9 ശതമാനം മാത്രമായ 13 രൂപ വർധിപ്പിച്ചത്.
അസംഘടിത മേഖലയില്‍ രാജ്യത്ത് ഏറ്റവും കൂടിയ കൂലി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അസംഘടിത തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മിനിമം വേതനത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ കൂലിയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഈ സാമ്ബത്തിക വർഷം രാജ്യത്ത് ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴില്‍ ദിനങ്ങള്‍ 51.47 മാത്രമാണ്. സംസ്ഥാനത്ത് അത് 67.35 ആയിരുന്നു.