അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിക്കുന്നു എന്നാവര്‍ത്തിച്ച് അമേരിക്ക. നിയമ നടപടികള്‍ സുതാര്യവും നിഷ്പക്ഷവും സമയ ബന്ധിതവുമാകണമെന്നും വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.
അമേരിക്കന്‍ നിലപാടിനെ ആരെങ്കിലും എതിര്‍ക്കേണ്ട കാര്യമില്ലെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി.
ഒപ്പം അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിന്റെ പരാതിയെക്കുറിച്ചും തങ്ങള്‍ക്ക് അറിയാമെന്നും അമേരിക്കയുടെ പ്രതികരണത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യുഎസ് പ്രസ്താവന ആവര്‍ത്തിക്കുന്നത്.
കെജ്രിവാളിനെതിരായ നിയമ നടപടിയില്‍ യഥാസമയത്തുള്ള സുതാര്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുഎസിന്റെ ആദ്യത്തെ പ്രതികരണം. പിന്നാലെ യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. പ്രസ്താവന അനാവശ്യമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ പ്രതികരിച്ച ജര്‍മന്‍ വിദേശകാര്യ മന്ത്രിയുടെ നടപടിക്കെതിരെ ജര്‍മ്മനിയുടെ നയതന്ത്ര പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.