എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ത്ത് യുഡിഎഫിന്റെ ചരിത്ര വിജയം ; നിര്‍ണ്ണായകമായത് എഐസിസിയുടെയും കെ.സി വേണുഗോപാലിൻ്റെയും ഇടപെടല്‍

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടർച്ചയെന്ന എല്‍ഡിഎഫ് മോഹങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് യുഡിഎഫ് ചരിത്ര വിജയം കരസ്ഥമാക്കിയത്.

140 സീറ്റുകളില്‍ 102 എണ്ണം സ്വന്തമാക്കി ഐക്യജനാധിപത്യ മുന്നണി ഭരണം ഉറപ്പിച്ചു. മറുവശത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വെറും 35 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്ന് സീറ്റുകള്‍ നേടി ബിജെപിയും വീണ്ടും നിയമസഭയില്‍ സാന്നിധ്യം രേഖപ്പെടുത്തി.

വലിയ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങിയ പിണറായി വിജയൻ സർക്കാരിന് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. സർക്കാരിലെ പല പ്രമുഖ മന്ത്രിമാരും പരാജയം നേരിട്ടപ്പോള്‍, ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവസാനം വിജയം നേടി. പി. രാജീവ്, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, എം.ബി രാജേഷ്, വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എൻ വാസവൻ, ആർ. ബിന്ദു, ചിഞ്ചുറാണി, എ.കെ ശശീന്ദ്രൻ, വി. അബ്ദുറഹ്‌മാൻ, കെ.ബി ഗണേഷ്‌കുമാർ തുടങ്ങിയ മന്ത്രിമാരുടെ തോല്‍വി ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി.

ഒരു ദശാബ്ദത്തോളം ഭരണത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവികാരവും തന്ത്രപരമായ സഖ്യരൂപീകരണവും യുഡിഎഫിന് ഭൂരിപക്ഷം ഉറപ്പാക്കി. എഐസിസിയുടെയും കെ.സി വേണുഗോപാലിൻ്റെയും നിർണായകമായ ഇടപെടല്‍ ആണ് യുഡിഎഫിനെ വമ്പന്‍ വിജയത്തിലേക്ക് നയിച്ചത്.

1.സംസ്ഥാനമൊട്ടാകെ നിറഞ്ഞു നിന്ന പ്രചാരണവും നേതൃത്വവും

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയായ ഇന്ദിരാ ഗ്യാരന്റി രൂപീകരിക്കുന്നതിലും അത് കൃത്യമായി ക്യാമ്പയിൻ ചെയ്ത് ജനങ്ങളില്‍ എത്തിക്കുന്നതിലും നേതൃത്വം വഹിച്ചത് കെ.സിയാണ്. എണ്‍പതിലധികം നിയമസഭാ മണ്ഡലങ്ങളിലായി അദ്ദേഹം എണ്‍പതിയാറിലധികം പൊതുയോഗങ്ങളില്‍ നേരിട്ട് പങ്കെടുത്തു.

*ബി ജെ പി -സി പി എം ഡീല്‍ ആദ്യം ഉന്നയിച്ചത്

ഡല്‍ഹിയിലെ വീട്ടില്‍ അമിത് ഷായെ പിണറായി വിജയൻ സന്ദർശിച്ചതും നിർമലാ സീതാരാമാനെ സ്വകാര്യമായി സന്ദർശിച്ചതും നിതിൻ ഗഡ്കരിയെ നാഗ്പൂരില്‍ രഹസ്യ കേന്ദ്രത്തില്‍ കണ്ടതും ഉള്‍പ്പെടെ സി പി എം ബിജെപി ഡീല്‍ സംബന്ധിച്ച്‌ തിരഞ്ഞെടുപ്പിലിത് പ്രചരണ വിഷയമായി ആദ്യം ഉന്നയിച്ചതും കെസിയാണ്.

ന്യൂനപക്ഷങ്ങളുടെ വോട്ട് യു ഡി എഫിന് അനുകൂമായി ഏകീകരിക്കുന്നതിന് കാരണമായ എഫ്സി ആർ എ നിയമ ഭേദഗതിക്കെതിരായ പ്രചരണം ശക്തമായി കെ സി തിരഞ്ഞെടുപ്പില്‍ ചർച്ചാവിഷയമാക്കി. ഹൈന്ദവ പോട്ടിനെ സ്വാധീനിച്ച ശബരിമല സ്വർണ്ണക്കൊള്ള ആദ്യാന്തം സജീവമായി ചർച്ചയില്‍ നിർത്തി.

2.പിഴവില്ലാത്ത സ്ഥാനാർഥി നിർണ്ണയം

എഐസിസിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട സർവ്വേകളും പഠനങ്ങളും നടത്തി ജനസ്വീകാര്യതയുള്ള നേതാക്കളെ സ്ഥാനാർത്ഥികളാക്കി ഏറ്റവും മികച്ച സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഇതിനായി 2 വർഷം മുൻപ് തന്നെ AICC യുടെ വിദഗ്ദ സംഘം സംസ്ഥാനം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു തുടങ്ങിയിരുന്നു.

3.വിമതരെ അനുനയിപ്പിക്കല്‍

സ്ഥാനാർത്ഥി നിർണ്ണയത്തെ തുടർന്ന് സീറ്റ് നിഷേധിക്കപ്പെടുന്നവർക്ക് സ്വാഭാവികമായി ഉണ്ടാകുന്ന അതൃപതിയും നിരാശയും മനസ്സിലാക്കി അത്തരം നേതാക്കളെ കെ.സി നേരില്‍ കണ്ട് ആശ്വസിപ്പിക്കുകയും പാർട്ടിയുടെ സജീവ പ്രവർത്തനത്തില്‍ ഭാഗമാക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും വിമതർ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പായി മാറാൻ കെ.സിയുടെ ഇടപെടല്‍ കാരണമായി.

4.ത്രിതല നിരീക്ഷണ സംവിധാനം

താഴെത്തട്ടിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ 59 നിയമസഭാ നിരീക്ഷകർക്ക് പുറമെ, ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി ശക്തമായ നിരീക്ഷണ സംവിധാനം അദ്ദേഹം നടപ്പിലാക്കി. AICC നിരീക്ഷകർ 20 ദിവസവും സംസ്ഥാനത്ത് തങ്ങി മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

5.സംസ്ഥാന നിരീക്ഷകർ

സച്ചിൻ പൈലറ്റ്, കെ.ജെ. ജോർജ്, ഇംറാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ എന്നീ 4 മുതിർന്ന AICC നേതാക്കള്‍ കേരളത്തില്‍ തമ്പടിച്ചു.

6.ജില്ലാതല നിരീക്ഷകർ (കർണാടക-തെലങ്കാന മന്ത്രിമാർ)

ദിനേഷ് ഗുണ്ടു റാവു (കാസർഗോഡ്, കണ്ണൂർ), കൃഷ്ണ ബൈരേ ഗൗഡ (വയനാട്, കോഴിക്കോട്), ബി.സെഡ്. സമീർ അഹമ്മദ് (മലപ്പുറം, പാലക്കാട്), ഡി. ശ്രീധർ ബാബു (തൃശൂർ, എറണാകുളം), എം.ബി. പാട്ടില്‍ (ഇടുക്കി, കോട്ടയം), ഈശ്വര ഖണ്ഡ്രെ (ആലപ്പുഴ, പത്തനംതിട്ട), പ്രിയങ്ക് ഖാർഗെ (കൊല്ലം, തിരുവനന്തപുരം) എന്നിവരെ വിവിധ ജില്ലകളുടെ ചുമതല ഏല്‍പ്പിച്ചു.

7.ദേശീയ നേതാക്കളുടെ പങ്കാളിത്തം

കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, രേവന്ത് റെഡ്ഡി എന്നിവർ കേരളത്തില്‍ പ്രചാരണം നടത്തി. രാഹുല്‍ ഗാന്ധിയുടെ 5 ഗ്യാരന്റികളുടെ വിജയകരമായ നടത്തിപ്പ് വിശദീകരിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും കെ.സി കേരളത്തിലെത്തിച്ചു.

8. 50 താരപ്രചാരകരുടെ നിര

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ വൻ ജനപങ്കാളിത്തം ഉറപ്പാക്കിയതിനൊപ്പം, 50 പ്രധാന നേതാക്കളെ അണിനിരത്തി വൻ താരപ്രചാരക പട്ടിക തയ്യാറാക്കി

* കൂടാതെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അവസരം ലഭിക്കാത്ത സംസ്ഥാന നേതാക്കളായ ദീപ്തി മേരി വർഗീസ്, ഷമാ മുഹമ്മദ്, ജോസഫ് വാഴക്കൻ, അലോഷ്യസ് സേവ്യർ എന്നിവരെയും സ്റ്റാർ പ്രചാരകരായി ഉള്‍പ്പെടുത്തി എല്ലാവർക്കും പ്രാതിനിധ്യം നല്‍കി.

9.സിപിഐമ്മിലെ അതൃപ്‌തരെ യുഡിഎഫില്‍ എത്തിച്ചു

സിപിഎമിലെ വിമതരെ ഏകോപിപ്പിക്കുന്നതിനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നതില്‍ ഇടപെടല്‍ നടത്തി ജി.സുധാകരൻ, ഐഷാ പോറ്റി, ഗോവിന്ദൻ, കുഞ്ഞികൃഷ്ണൻ തുടങ്ങിയവരെ യുഡിഎഫില്‍ എത്തിക്കുന്നതിനും ജനവികാരം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിലും കെ.സി മുഖ്യപങ്ക് വഹിച്ചു.

10. UDF സഖ്യ ഏകോപനം

IUML, KC(J), RSP തുടങ്ങിയ ഘടകകക്ഷികളുമായി സീറ്റുവിഭജനവും പ്രശ്‌നപരിഹാരവും വിജയകരമായി നടത്തി ജില്ലാതലത്തില്‍ വരെ യുഡിഎഫ് ഏകോപനം സാധ്യമാക്കി.

11.സോഷ്യല്‍ എഞ്ചിനീയറിംഗ്

വിവിധ മത സാമുദായിക സംഘടനകളുമായി നിരന്തരമായ കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി സ്ഥാനാർത്ഥി നിർണ്ണയത്തിലും തെരഞ്ഞെടുപ്പ് അജണ്ടകളിലും എല്ലാ സമുദായങ്ങളുടെയും പിന്തുണ ഉറപ്പ് വരുത്തി.

Leave a Reply

Your email address will not be published. Required fields are marked *