മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഒഴിവാക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിർദ്ദേശം നല്കി എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി.
ഈ വിഷയത്തില്‍ ഇനി പരസ്യപ്രതികരണങ്ങള്‍ നടത്തരുതെന്നാണ് വിലക്കിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ ഹൈക്കമാന്‍ഡ് കര്‍ശനമായി ഇടപെടുമെന്നും നേതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ ശക്തമായ വിമര്‍ശനത്തിന് പിന്നാലെയാണ് ദീപാ ദാസ് മുന്‍ഷി നേതാക്കള്‍ക്ക് താക്കീത് നല്‍കിയിട്ടുള്ളത്. പരസ്യ ചര്‍ച്ചകള്‍ നല്ലതല്ലെന്നും, പ്രശ്നം വഷളാവാതിരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു. ഫലം വരുന്നതിനു മുമ്പേ ചേരിതിരിഞ്ഞുള്ള പ്രസ്താവനകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നും ലീഗ് വിലയിരുത്തുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പരസ്യമായി പിന്തുണച്ച് കെ സുധാകരന് രംഗത്തു വന്നതിനു പിന്നാലെയാണ്, പരസ്യപ്രതികരണങ്ങളില്‍ മുസ്ലിം ലീഗ് അതൃപ്തി അറിയിച്ചത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസിനുള്ളില്‍ ലോബിയിങ്ങ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കെ സുധാകരനെ മുന്നില്‍ നിര്‍ത്തി കെ സി വേണുഗോപാല്‍ പക്ഷം സമ്മര്‍ദ്ദതന്ത്രം പയറ്റുകയാണെന്നാണ് വിഡി സതീശന്, രമേശ് ചെന്നിത്തല പക്ഷം വിലയിരുത്തുന്നത്.
