വയനാട് ദുരന്തബാധിത ശ്രുതിയുടെ വീടിനുള്ള അപേക്ഷ മന്ത്രിസഭ തള്ളി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സർവവും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ടൗണ്‍ഷിപ്പില്‍ വീട് നല്‍കണമെന്ന അപേക്ഷ മന്ത്രിസഭ നിരസിച്ചു.ദുരന്തബാധിതർക്ക് സർക്കാർ നല്‍കിയ വീട് അല്ലെങ്കില്‍ 15 ലക്ഷം രൂപ എന്ന രണ്ട് ഓപ്ഷനുകളില്‍, നേരത്തെ പണം സ്വീകരിച്ച ശ്രുതി അത് തിരികെ നല്‍കി വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല.

ചീഫ് സെക്രട്ടറി അനുകൂല നിലപാട് സ്വീകരിച്ചിട്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം അപേക്ഷ തള്ളുകയായിരുന്നു.

വയനാട് ടൗണ്‍ഷിപ്പില്‍ സർക്കാർ നിർമിക്കുന്ന വീട് സ്വീകരിക്കുകയോ പകരം 15 ലക്ഷം രൂപ കൈപ്പറ്റുകയോ ചെയ്യാമെന്ന 2 ഓപ്ഷനുകളാണു ദുരന്ത ബാധിതർക്കു മുന്നില്‍ സർക്കാർ നല്‍കിയത്. 2 സ്വകാര്യ സംഘടനകള്‍ വീടു നിർമിച്ചു നല്‍കാമെന്ന് അറിയിച്ചതിനാല്‍ സർക്കാരിന്റെ വീടു വേണ്ടെന്നുവച്ച്‌ പകരം 15 ലക്ഷം രൂപ കൈപ്പറ്റാനായിരുന്നു ശ്രുതിയുടെ തീരുമാനം.

എന്നാല്‍, സ്വകാര്യ സംഘടനകള്‍ വീടിന്റെ നിർമാണം പൂർത്തിയാക്കാത്തതിനാല്‍ 15 ലക്ഷം രൂപ തിരിച്ചടയ്ക്കാമെന്നും പകരം സർക്കാരിന്റെ ടൗണ്‍ഷിപ്പില്‍ വീട് നല്‍കണമെന്നും ആവശ്യപ്പെട്ട് ശ്രുതി കഴി‍ഞ്ഞ ഡിസംബറില്‍ അപേക്ഷ സമർപ്പിക്കുകയായിരുന്നെന്ന് ചീഫ് സെക്രട്ടറി തയാറാക്കിയ മന്ത്രിസഭായോഗ കുറിപ്പില്‍ പറയുന്നു.

മറ്റു സംഘടനകളുടെ വീട് കൈപ്പറ്റാൻ പാടില്ലെന്ന വ്യവസ്ഥയില്‍ ശ്രുതിക്കു സർക്കാർ വീടു നല്‍കാമെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഫയലില്‍ കുറിച്ചത്. സമാനമായ ആവശ്യവുമായി ആരെങ്കിലും വന്നാല്‍ കലക്ടറുടെ ശുപാർശയോടെ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *