യുവനടിയുടെ പരാതിയെ തുടർന്ന് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും മാറ്റിനിർത്തുമെന്ന് വ്യക്തമാക്കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ.
സമാനമായ മറ്റ് കേസുകളില്‍ ഫെഫ്ക സ്വീകരിച്ച അതേ നിലപാടും നടപടിക്രമവും തന്നെയാകും ഈ കേസിലും സ്വീകരിക്കുക എന്ന് ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു.
‘ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ ഫെഫ്ക മെമ്പർ ആണെങ്കില്‍ ആ കേസില്‍ തീർപ്പുണ്ടാകുന്നത് വരെ മാറ്റിനിർത്തുക എന്നതാണ് ഫെഫ്കയുടെ നടപടിക്രമം. ആ നിർദേശം ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും നല്‍കിയിട്ടുണ്ട്. അവർ ഓണ്‍ലൈൻ ആയി മീറ്റിംഗ് കൂടി അതില്‍ തീരുമാനമെടുക്കും,’ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം, രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഐസിസിയില്‍ യുവനടിയുടെ പരാതി വന്നിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.
