സാമ്ബത്തിക പ്രതിസന്ധിക്കിടെ, സംസ്ഥാനത്തിന് താല്‍ക്കാലികാശ്വാസമായി കടമെടുപ്പ് പരിധിയിലെ കേന്ദ്ര ഇളവ്.
കേരളത്തിന് കടമെടുക്കാവുന്ന തുകയില്‍ നിന്ന് കിഫ്ബിയും പെൻഷൻ കമ്ബനിയും എടുത്ത വായ്പ ഇനത്തിലെ 3140 കോടി കുറച്ച നടപടിയാണ് കേന്ദ്രം മരവിപ്പിച്ചത്. നിലവിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രം വായ്പ പരിധി വെട്ടിക്കുറച്ചതാണെന്നാണ് കേരളത്തിന്‍റെ ഏറെ നാളായുള്ള പരാതി. ഇത് സംബന്ധിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലും കേന്ദ്രമന്ത്രി വി. മുരളീധരനും പലവട്ടം ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
കടമെടുപ്പ് പരിധിയില്‍ നിന്ന് 3140 കോടി വെട്ടിക്കുറച്ച നടപടി ഒരു വര്‍ഷത്തേക്കാണ് നീട്ടിവെച്ചത്. ഇതോടെ, ഈ തുക കൂടി മാര്‍ച്ചിനു മുമ്ബ് കേരളത്തിന് കടമെടുക്കാൻ കഴിയും. 3140 കോടിയില്‍ 2000 കോടി രൂപ ഈ മാസം 19ന് കടമെടുക്കും. ക്രിസ്മസിന്‍റെ ഭാഗമായി ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഈ തുക വിനിയോഗിക്കും.
കിഫ്ബിയും പെൻഷൻ കമ്ബനിയും 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ 9422 കോടി കടമെടുത്തിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി 2022-23 മുതല്‍ 2024-25 വരെ മൂന്ന് വര്‍ഷങ്ങളിലായി 3140 കോടി രൂപ വീതം കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടിക്കുറക്കാനായിരുന്നു തീരുമാനം. കേരളത്തിന്‍റെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഈ നിലപാട് കേന്ദ്രം മയപ്പെടുത്തുകയും അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കുകയും ചെയ്തത്. എന്നാല്‍, ഈ തുക അടുത്ത രണ്ടുവര്‍ഷങ്ങളിലെ വായ്പപരിധിയില്‍ കുറവ് വരുത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ശമ്ബളവും പെൻഷനുമടക്കമുള്ള ചെലവിന്‍റെ കാര്യത്തില്‍ വലിയ ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ ജനുവരി-മാര്‍ച്ച് കാലയളവിലെ അനുവദനീയ പരിധിയില്‍ നിന്ന് മുൻകൂറായി 1500 കോടി കടമെടുക്കാൻ കേന്ദ്രം സംസ്ഥാനത്തിന് അനുമതി നല്‍കിയിരുന്നു. ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇനി കടമെടുക്കാനുള്ളത് 1800 കോടിയാണ്. ഇതിനൊപ്പം വായ്പ പരിധിയില്‍ ഇളവ് നല്‍കിയ 3140 കോടി കൂടിയാകുമ്ബോള്‍ 4940 കോടിയാണ് ഇനി ആകെ കടമെടുക്കാനാകുക.