പ്രാവുകള്‍ക്ക് തീറ്റ നല്‍കി; മുബൈ നിവാസിക്ക് 5000 രൂപ പിഴ ചുമത്തി കോടതി

പൊതു സ്ഥലത്ത് പ്രാവുകള്‍ക്ക് തീറ്റ നല്‍കിയ വ്യക്തിക്ക് പിഴ ചുമത്തി മുംബൈ കോടതി. ബാന്ദ്ര അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് മുംബൈയിലെ വ്യവസായി കൂടിയായ ദാദര്‍ നിവാസിയായ നിതിന്‍ ഷെത്തിന് 5000 രൂപ പിഴ ചുമത്തിയത്.

പൊതു ഇടത്തില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയ ഇയാളുടെ ഇടപെടല്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പകര്‍ച്ച വ്യാധികള്‍ പടരാന്‍ ഇടയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

കബൂത്തര്‍ ഖാനകള്‍ എന്ന പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന സംവിധാനം നിര്‍ത്തലാക്കിക്കൊണ്ടുള്ള മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ നടപടി നിലവില്‍ വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്. കബുത്തര്‍ ഖാനകള്‍ പൊതു ശല്യമാണെന്നും, ആരോഗ്യ ഭീഷണി ഉയര്‍ക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം നടപ്പാക്കിയത്.

മുംബൈയിലെ മാഹിം പ്രദേശത്ത് നിരോധിക്കപ്പെട്ട കബുതര്‍ഖാനയില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതിനായിരുന്നു ഓഗസ്റ്റ് 1 ന് ദാദര്‍ നിവാസിയായ നിതിന്‍ ഷെത്ത് (52) അറസ്റ്റിലായത്. കേസ് കോടതിയിലെത്തിയപ്പോള്‍ നിതിന്‍ ഷെത്ത് കുറ്റം സമ്മതിച്ച്‌ ശിക്ഷയില്‍ നിന്നും ഇളവ് തേടുകയായിരുന്നു. ഈ അപേക്ഷ അംഗീകരിച്ചാണ് കോടതി 5000 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ലംഘനം, പൊതുജനങ്ങളുടെ ജീവന് അപകടകരമാകുന്ന ഒരു രോഗത്തിന്റെ അണുബാധ പടര്‍ത്താന്‍ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി എന്നി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്‌തെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *