സോണിയ ഗാന്ധിയെ കാണാൻ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല, അപ്പോയിൻമെൻ്റ് എടുത്താല്‍ ആര്‍ക്ക് വേണമെങ്കിലും കാണാം ; പോറ്റിയുമായുള്ള ചിത്ര വിവാദത്തില്‍ പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശൻ

സോണിയ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി ഫോട്ടോ വിവാദം നിസ്സാരവല്‍ക്കരിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

പിണറായിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും ഫോട്ടോ വിവാദം സിപിഎമ്മിന്റേത് യഥാർത്ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശൻ വിമർശിച്ചു. സോണിയ ഗാന്ധിയെ കാണാൻ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അപ്പോയിൻമെൻ്റ് എടുത്താല്‍ ആർക്ക് വേണമെങ്കിലും സോണിയ ഗാന്ധി കാണാമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി കാണാൻ അത്ര എളുപ്പമല്ലല്ലോ എന്നും സതീശൻ പരിഹസിച്ചു. മുഖ്യമന്ത്രിയും അതീവ സുരക്ഷയുള്ള ആളല്ലേ. മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കാമെങ്കില്‍ സോണിയ ഗാന്ധിക്കൊപ്പവും ചിത്രമെടുക്കാമെന്നാണ് സതീശൻറെ പരിഹാസം.

ശബരിമലയില്‍ നിന്ന സ്വർണം കവർന്ന രണ്ട് സിപിഎം നേതാക്കള്‍ ഇന്നും ജയിലിലാണ്. അത് മറച്ചുവെക്കാനുള്ള ശ്രമമാണ് ഫോട്ടോ വിവാദം. മുഖ്യമന്ത്രി നിലവാരം കുറഞ്ഞ വാർത്താസമ്മേളനം നടത്തിയെന്നും സതീശൻ വിമർശിച്ചു. മുഖ്യമന്ത്രി സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ പുറത്ത് വന്നു. എന്ന് കരുതി മുഖ്യമന്ത്രി സ്വർണക്കൊള്ളയില്‍ പ്രതിയാണെന്ന് ഞങ്ങള്‍ പറഞ്ഞോ എന്നും സതീശൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *