ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്.
മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും നല്കിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ‘ഡി മണി’ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘം നീങ്ങുന്നത്. ഈ കേസിന് അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡി മണിയെ കണ്ടെത്തിയ അന്വേഷണ സംഘം അയാളുടെ മൊഴിയെടുത്തുവെന്നാണ് വിവരം.
ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരാവസ്തു കച്ചവടക്കാരനാണ് ഡി മണിയെന്നും ഇയാള്‍ക്ക് കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് എസ്ഐടിക്ക് ലഭിച്ച വിവരം. തിരുവനന്തപുരത്ത് നടന്ന ചില വിഗ്രഹ ഇടപാടുകള്‍ക്ക് ഇയാള്‍ സാക്ഷിയാണെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്. ‘ഡി മണി’ എന്നത് ഒരു ഒളിപ്പേരോ വിളിപ്പേരോ ആകാനാണ് സാധ്യതയെന്നും ‘ഡയമണ്ട് മണി’ അല്ലെങ്കില്‍ ‘ഡിണ്ടിഗല്‍ ബാലമുരുകൻ’ എന്നാകാം ഇയാളുടെ യഥാർത്ഥ പേരെന്നും അന്വേഷണ സംഘം സംശയിക്കുന്നു. തമിഴ്നാട്ടിലെ പ്രമുഖ ആഭരണ വ്യാപാരിയായ ഇയാള്‍ക്ക് വലിയ സാമ്ബത്തിക സ്വാധീനവും അന്താരാഷ്ട്ര ബന്ധങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
ശബരിമലയില്‍ മാത്രമല്ല, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി കൊള്ളയടിക്കാനും ഈ അന്താരാഷ്ട്ര സംഘം ലക്ഷ്യമിട്ടിരുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. എൻ. വാസു ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് പുരാവസ്തുക്കള്‍ ലേലം ചെയ്യാൻ നടന്ന നീക്കം താൻ പ്രതിപക്ഷ നേതാവായിരിക്കെ ഇടപെട്ട് തടഞ്ഞതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധനായ വിഗ്രഹക്കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ ശൃംഖലയ്ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
ഡി മണി എന്ന പേരിനെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ ലിസ്റ്റില്‍ നേരത്തെ ഈ പേര് ഇല്ലാതിരുന്നതിനാല്‍, ഇയാള്‍ മറ്റൊരു പേരിലാണോ ഇടപാടുകള്‍ നടത്തിയിരുന്നത് എന്ന് പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ശബരിമലയിലെ സ്വർണപ്പാളികള്‍ കണ്ടെത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണ സംഘമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്രയും കാലം മൂന്ന് പ്രതികളില്‍ മാത്രം ഒതുങ്ങിനിന്ന അന്വേഷണമാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തലോടെ പുതിയ തലത്തിലേക്ക് മാറിയത്.
