സംഘപരിവാറിന്റെ അതേവഴികളിലാണ് സിപിഎം സഞ്ചരിക്കുന്നത്, ഇത് തീവ്രവലതുപക്ഷ സര്‍ക്കാരാണ്: വി.ഡി സതീശൻ

കേരളത്തിലുള്ളത് തീവ്രവലതുപക്ഷ സർക്കാരാണെന്നും സംഘപരിവാറിന്റെ അതേ വഴികളിലാണ് സിപിഎം സഞ്ചരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

പാരഡി പാട്ടിനെതിരെ കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും പാരഡി പാട്ടിനെതിരായ കേസ് തരംതാണ നടപടിയാണെന്നും വി.ഡി സതീശൻ പ്രതികരിച്ചു.

ബിജെപി സർക്കാരുകള്‍ എടുക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. സിനിമാ വിലക്കിനെതിരെ പ്രതികരിച്ച മുഖ്യമന്ത്രിയാണ് പാരഡി ഗാനത്തിനെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടാക്കിയ ആഘാതം വ്യക്തമാക്കുന്നതാണ് നടപടിയെന്നും അയ്യപ്പനെ അധിക്ഷേപിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും സതീശൻ പറഞ്ഞു. സ്വർണം കട്ടതാണോ പാരഡി ഉണ്ടാക്കിയതാണോ കുറ്റം? പോറ്റിപ്പാട്ട് എഴുതിയവരെയും പാടിയവരെയും സംരക്ഷിക്കുമെന്നും സതീശൻ വ്യക്തമാക്കി.

വിസി നിയമനത്തിലെ ഒത്തുതീർപ്പിനെതിരെയും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ‘വിസി നിയമനത്തില്‍ ഗവർണർ മുഖ്യമന്ത്രി ഒത്തുതീർപ് പരിഹാസ്യം. സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുതീർപ്പാണിത്. ഒരു കൂടിയാലോചനയും ഇല്ലാതെ മുഖ്യമന്ത്രി എടുത്ത തീരുമാനം. സർക്കാരിന് അനുകൂലമായ വിധി സുപ്രിംകോടതിയില്‍ നിന്നുണ്ടാകുമെന്ന ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമെന്നത് അത്ഭുതപ്പെടുത്തുന്നതാണ്’ എന്നാണ് സതീശൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *