ഫോണില്‍ മറ്റൊരു യുവാവുമൊത്തുള്ള ചിത്രങ്ങള്‍; കൊല നടത്തിയത് സംശയത്തെത്തുടര്‍ന്നെന്ന് ആണ്‍സുഹൃത്ത്

മലയാറ്റൂരില്‍ ബിരുദവിദ്യാർത്ഥി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച്‌ സുഹൃത്ത് അലൻ. സംശയത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് അലൻ പൊലീസിന് മൊഴി നല്‍കിയത്.

മദ്യലഹരിയിലായിരുന്നു കൊലപാതകം. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊല നടത്തിയത്. ബംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് അവിടെ മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേയ്ക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ ഫോണില്‍ യുവാവുമൊത്തുള്ള ചിത്രങ്ങള്‍ കണ്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും അലൻ പൊലീസിനോട് പറഞ്ഞു.

മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്ബില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ (19). ബംഗളൂരുവില്‍ ഏവിയേഷൻ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മലയാറ്റൂർ മണപ്പാട്ട് ചിറയ്‌ക്കടുത്ത് സെബിയൂർ റോഡിനടുത്തെ ഒഴിഞ്ഞ റബർതോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ക്ക് പരിക്കുണ്ട്. പെണ്‍കുട്ടിയുടെ തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

അതേസമയം, പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് പെരുമ്ബാവൂർ എഎസ്‌പി ഹാർദ്ദിക് മീണ വ്യക്തമാക്കി. കളമശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അലന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും എഎസ്‌പി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ചിത്രപ്രിയയുടെ അമ്മ ഷിനി. വനംവകുപ്പില്‍ താത്കാലിക ഫയർ വാച്ചറാണ് പിതാവ് ഷൈജു. സഹോദരൻ: അഭിജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *