ആര്‍ക്കെങ്കിലും ക്ഷേമ പെന്‍ഷന്‍ 200 രൂപ കുറവുണ്ടോ? എങ്കില്‍ ഉറപ്പിച്ചോ അതിന് കാരണം ബിജെപി, കേന്ദ്രം ഭരിക്കുന്നത് അല്‍പന്മാര്‍, ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചില്ലെന്ന് തോമസ് ഐസക്

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനായ 3,600 രൂപ വിതരണം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍, പെന്‍ഷന്‍ തുകയില്‍ കുറവ് വരുന്നുണ്ടെങ്കില്‍ അതിന് കാരണം ബിജെപിയും കേന്ദ്ര സര്‍ക്കാരുമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

2000 രൂപ പെന്‍ഷനില്‍ 200 രൂപ കേന്ദ്രം നേരിട്ട് അക്കൗണ്ടിലിടുന്നതാണ്. അതുകൊണ്ട്, കിട്ടിയത് 1,800 രൂപയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തരാതിരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇന്ത്യാ രാജ്യത്ത് ക്ഷേമപെന്‍ഷനുകള്‍ക്ക് ഏറ്റവും വലിയ ബജറ്റ്‌ച്ചെലവ് കേരള സംസ്ഥാനത്താണ്. നടപ്പുവര്‍ഷത്തില്‍ 13,900 കോടി രൂപയാണ് പ്രതീക്ഷിതച്ചെലവ്. പക്ഷേ, നവംബര്‍ മാസം മുതല്‍ പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. ഈ അധികച്ചെലവുകൂടി ചേരുമ്ബോള്‍ ഏതാണ്ട് 15000 കോടി രൂപയായിരിക്കും ഈ ഇനത്തില്‍ ചെലവാക്കുന്നത്.

ഈ സര്‍ക്കാര്‍ ഒക്ടോബര്‍ വരെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് ചെലവഴിച്ചത് 45,517 കോടി രൂപയാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ 35,154 കോടി രൂപ വിതരണം ചെയ്തു. ഇത് 2011-16 കാലത്തെ 18 മാസത്തെ കുടിശ്ശിക ഉള്‍പ്പെടെയാണ്. ഒമ്ബതര വര്‍ഷംകൊണ്ട് സര്‍ക്കാര്‍ ചെലവിട്ടത് 80,671 കോടി രൂപ. ഇനിയുള്ള അഞ്ച് മാസത്തെ തുകകൂടി ചേര്‍ത്താല്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി കേരള സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക 85000 കോടി രൂപ വരും. ഏത് സര്‍ക്കാര്‍ ഇത്രയും തുക ഈ നാട്ടിലെ പാവങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ചെലവഴിച്ചിട്ടുണ്ട്?

2011-16 കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ 9400 കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ അഞ്ച് വര്‍ഷംകൊണ്ട് ചെലവഴിച്ചത്. 100 രൂപയാണ് അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ അധികമായി അനുവദിച്ചത്. അത് 18 മാസക്കാലം കുടിശികയുമാക്കി. കുടിശികയെ സംബന്ധിച്ച്‌ യുഡിഎഫ് വലിയ തര്‍ക്കങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട്. തര്‍ക്കമൊക്കെ നില്‍ക്കട്ടെ. മൊത്തം 9400 കോടി രൂപയല്ലേ നല്‍കിയുള്ളൂ? ഒന്നാം പിണറായി സര്‍ക്കാര്‍ അതിന്റെ നാല് മടങ്ങ് പെന്‍ഷനായി വിതരണം ചെയ്തു.

ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, യുഡിഎഫ് കാലത്ത് 34 ലക്ഷമായിരുന്ന ഗുണഭോക്താക്കളുടെ എണ്ണം 62 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. ഇവര്‍ ജനസംഖ്യയുടെ 17-18 ശതമാനം വരും. ദേശീയ ശരാശരിയെടുത്താല്‍ 3.5-4.2 ശതമാനം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നത്.

2000 രൂപയെന്നു പറഞ്ഞിട്ട് 1800 രൂപയല്ലേയുള്ളൂ? ഇതിനെന്താ കാരണം? പെന്‍ഷന്‍കാരില്‍ വളരെ പാവപ്പെട്ട ചിലരെങ്കിലും ഉയര്‍ത്താന്‍ പോകുന്ന ഒരു ചോദ്യമാണിത്.

ഇത് ന്യായമായ ചോദ്യമാണ്. കേരളത്തിലെ ഏതാണ്ട് 10 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ 200 രൂപ ലഭിക്കുന്നുണ്ട്. 80 വയസ് കഴിഞ്ഞവര്‍ക്ക് 500 രൂപയും. ഇതടക്കമാണ് 2000 രൂപ പെന്‍ഷന്‍. മോദി മൂന്നാംതവണ അധികാരത്തില്‍ വരുന്നതുവരെ കേരള സര്‍ക്കാരാണ് മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കിക്കൊണ്ടിരുന്നത്. പിന്നീട് എപ്പോഴെങ്കിലുമാണ് കേന്ദ്ര സര്‍ക്കാര്‍ അവരുടെ പണം അനുവദിക്കാറ്. പക്ഷേ, പാവപ്പെട്ടവര്‍ അത് അറിയാറില്ല. കേന്ദ്ര പെന്‍ഷന്‍ തുക വന്നാലും ഇല്ലെങ്കിലും കേരള സര്‍ക്കാര്‍ മുഴുവന്‍ തുകയും കൃത്യമായി മാസാമാസം നല്‍കിവന്നിരുന്നു.

എന്നാല്‍ ബിജെപിക്കാര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കുന്നതിനു പകരം നേരിട്ട് കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 200 രൂപയുടെ ക്രെഡിറ്റ്, അതും പത്ത് ലക്ഷം പേര്‍ക്കുള്ളത്, കേരള സര്‍ക്കാര്‍ എടുത്താലോ എന്നാണ് അവരുടെ ചിന്ത. അതുപോലത്തെ അല്പന്മാരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ കേന്ദ്ര വിഹിതം 200-500 രൂപ പത്ത് ലക്ഷം പേര്‍ക്കുള്ളത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയാണ്. അത് കൃത്യമായി ചെയ്യാറുമില്ല. ഫലമോ? ഏറ്റവും പാവപ്പെട്ട പത്ത് ലക്ഷം പേര്‍ക്ക് കൃത്യസമയത്ത് മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നില്ല.

ഇതിനൊരു മറുപടി വോട്ടിലൂടെ ബിജെപിക്കു കൊടുത്തേ തീരൂ. നാണമുണ്ടോ ബിജെപിക്ക്? ഭംഗിയായി നടന്നുവരുന്ന കേരളത്തിലെ പെന്‍ഷന്‍ വിതരണം അലങ്കോലപ്പെടുത്തിയ ബിജെപിക്കാരോട് മൂന്ന് ചോദ്യങ്ങള്‍:

ഒന്ന്, മോദി അധികാരത്തില്‍വന്നിട്ട് 12 വര്‍ഷമായല്ലോ. 200-300 രൂപയുടെ കേന്ദ്ര ക്ഷേമ പെന്‍ഷനുകളില്‍ 10 രൂപയുടെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോ?

രണ്ട്, കേരളത്തിലെ പാവപ്പെട്ട 10 ലക്ഷം പേര്‍ക്ക് മാത്രമല്ലേ ഈ തുക പോലും ലഭിക്കുന്നുള്ളൂ? എന്തുകൊണ്ട് 62 ലക്ഷം പേര്‍ക്കും കൊടുക്കുന്നില്ല?

മൂന്ന്, കേന്ദ്ര പെന്‍ഷന്‍ കൃത്യമായി മുന്‍കൂര്‍ കൊടുത്തുകൊണ്ടിരുന്ന സംസ്ഥാന സര്‍ക്കാരില്‍ നിന്ന് എന്തിന് ഇത് പിടിച്ചുവാങ്ങി നേരിട്ടു കൊടുക്കാന്‍ തീരുമാനിച്ചു? ഈ തുക പോലും സമയത്ത് കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *