പിണറായി സര്‍ക്കാര്‍ ചെയ്ത 80% പദ്ധതികളും എന്റെ ബുദ്ധിയില്‍ ഉണ്ടായത്: സാബു എം ജേക്കബ്

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഒന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ (2016-21) ഭൂരിഭാഗം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണ് എന്ന അവകാശ വാദവുമായി ട്വന്റി 20 സ്ഥാപകനും കിറ്റെക്സ് എം ഡിയുമായ സാബു എം ജേക്കബ്.

ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്ത 80 ശതമാനം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണെന്നാണ് സാബു പറയുന്നത്.

സമകാലികം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയനുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നു എന്നും അക്കാലത്ത് ഓരോ രണ്ടാഴ്ച കൂടുമ്ബോഴും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ആശയത്തില്‍ ഒരുപാട് പദ്ധതികള്‍ അദ്ദേഹത്തിന് എഴുതിക്കൊടുത്തിരുന്നു എന്നും സാബു പറഞ്ഞു.

‘ഞാന്‍ നിര്‍ദേശിച്ച പദ്ധതികളാണ് അക്കാലത്ത് പിണറായി നടപ്പിലാക്കിയത്. എന്റെ പിതാവുണ്ടായിരുന്ന കാലം മുതലേ എല്ലാ നേതാക്കന്‍മാരുമായും സുഹൃദ് ബന്ധമുണ്ടായിരുന്നു. 2005 ല്‍ പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലം മുതലാണ് അദ്ദേഹവുമായുള്ള ബന്ധം തുടങ്ങുന്നത്. ഇരട്ടച്ചങ്കന്‍ എന്ന വിശേഷണം ഒരു പരിധിവരെ ശരിയായിരുന്നു,’ സാബു പറഞ്ഞു.

ചികിത്സയ്ക്കായി പിണറായി വീട്ടിലെത്തിയ കാലം തൊട്ട് അദ്ദേഹവുമായി അടുത്ത ബന്ധമായിരുന്നു എന്നും ജനങ്ങള്‍ക്ക് വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്യണമെന്നാഗ്രഹിച്ചാണ് താന്‍ അദ്ദേഹത്തോടൊപ്പം കൂടിയത് എന്നും സാബു പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതമാണ് തന്നെ അകറ്റിയത് എന്നും സാബു ജേക്കബ് പറയുന്നു. പല വിദേശ യാത്രകളിലും പിണറായി വിജയനൊപ്പം താന്‍ പോയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ഞാനില്ലാതെ പിണറായി വിജയന്‍ വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് തന്നെ പറയാം. എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവം പതിയെ മാറാന്‍ തുടങ്ങി. കുടുംബത്തോടുള്ള അമിത വാത്സല്യം കൂടി. വിദേശത്തു പോയാല്‍ പിണറായി വിജയന്റെ ജീവിതം ആര്‍ഭാടം നിറഞ്ഞതാണ്. കേരളം കണ്ട ഏറ്റവും ആര്‍ഭാടമുള്ള കമ്യൂണിസ്റ്റുകാരന്‍ ആരാണെന്ന് ചോദിച്ചാല്‍ പിണറായി വിജയനാണെന്നെ ഞാന്‍ പറയൂ,’ സാബു പറഞ്ഞു.

ഒറ്റ രാത്രി താമസിക്കാന്‍ 4 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയാണ് പിണറായി മുടക്കുന്നത് എന്നും ഇത്തരം കാര്യങ്ങളിലുള്ള അഭിപ്രായം മുഖത്തു നോക്കി തന്നെ പറഞ്ഞിട്ടുണ്ട് എന്നും സാബു ജേക്കബ് അവകാശപ്പെട്ടു. അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞപ്പോള്‍ പലതും മാറ്റാന്‍ അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്വഭാവം പകലും രാത്രിയും പോലെയല്ല പകലും വര്‍ഷവും പോലെ മാറിപ്പോയി എന്നും പിന്നീട് ഒരിക്കലും അദ്ദേഹവുമായി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിട്ടില്ല എന്നും സാബു ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *