ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു സാംസണ്‍- രവീന്ദ്ര ജഡേജ താരക്കൈമാറ്റത്തില്‍ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയല്‍സും തമ്മില്‍ ധാരണ.
സൂപ്പർ കിങ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ തുകയായ 18 കോടി രൂപയ്ക്കാണ് സഞ്ജു ചെന്നൈയിലെത്തുന്നത്. 14 കോടി രൂപയ്ക്കാണ് തന്റെ ആദ്യ ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയല്‍സിലേക്ക് ജഡേജ മടങ്ങിയെത്തുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച സഞ്ജു, ടൂർണമെന്റില്‍ 177 മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുണ്ട്. കൈമാറ്റം പൂർത്തിയാകുന്നതോടെ സഞ്ജുവിന്റെ കരിയറിലെ നാലാമത്തെ ഫ്രാഞ്ചൈസിയാകും ചെന്നൈ സൂപ്പർ കിങ്സ്. 2016, 2017 എന്നീ രണ്ടു സീസണുകള്‍ ഒഴികെ മറ്റെല്ലാ സീസണുകളിലും രാജസ്ഥാനുവേണ്ടി കളിച്ച താരമാണ് ടീമിന്റെ നായകൻ കൂടിയായ സഞ്ജു.
അതേസമയം, 12 സീസണുകളായി സിഎസ്‌കെയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ജഡേജ, ലീഗിലെ ഏറ്റവും സീനിയർ താരങ്ങളില്‍ ഒരാളാണ്. ഐപിഎല്ലില്‍ 250 ലധികം മത്സരങ്ങള്‍ ജഡേജ കളിച്ചിട്ടുണ്ട്. വ്യാപാര കരാറിന്റെ ഭാഗമായി, ജഡേജയുടെ ശമ്ബളം 18 കോടി രൂപയില്‍ നിന്ന് 14 കോടി രൂപയായി കുറിച്ചിട്ടുണ്ട്. ജഡേജയെ കൂടാതെ, സഞ്ജുവിന് വേണ്ടിയുള്ള കരാറിന്റെ ഭാഗമായി ഇംഗ്ലണ്ട് ഓള്‍റൗണ്ടർ സാം കറനെയും രാജസ്ഥാൻ സിഎസ്‌കെയില്‍ നിന്ന് 2.4 കോടി രൂപയ്ക്ക് സ്വന്തമാക്കി.
