മുറിയില്‍ കയറിയ അമ്മ വാതില്‍ തുറക്കുന്നില്ലെന്നും രക്ഷിക്കണമെന്നും കരഞ്ഞുപറയുന്ന പെണ്‍കുട്ടിയുടെ ഫോണ്‍ കോളാണ് വെള്ളിയാഴ്‌ച രാവിലെ വിയ്യൂർ പോലീസ് സ്റ്റേഷനിലെത്തിയത്.പാഞ്ഞെത്തിയ പോലീസ് ഒരു ജീവൻ നഷ്ടപ്പെടാതെ കാത്തു.
ഫോണ്‍ വന്നയുടൻ എസ്‌ഐ ജിനുകുമാർ, എഎസ്‌ഐ സജീവൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർ നിഷി എന്നിവർ അതിവേഗം സ്ഥലത്തെത്തി. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു. കുട്ടിയുടെ അമ്മ ഫാനില്‍ തൂങ്ങി പിടയുന്നതാണ് കണ്ടത്. ജിനുകുമാറും നിഷിയും സ്ത്രീയെ ഉയർത്തിപ്പിടിച്ചു. സജീവൻ വീട്ടില്‍നിന്ന് കത്തിയെടുത്ത് കയർ മുറിച്ചു. മൂവരും പോലീസ് ജീപ്പില്‍ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു.
യാത്രയ്ക്കിടെത്തന്നെ ആശുപത്രിയിലേക്ക് വിവരം നല്‍കിയതിനാല്‍ എത്തിയ ഉടൻ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സ്ത്രീ അപകടനില തരണംചെയ്തതായി ഉച്ചയോടെ ആശുപത്രി അധികൃതർ അറിയിച്ചപ്പോഴാണ് പോലീസിനും ബന്ധുക്കള്‍ക്കും സമാധാനമായത്.
മകള്‍, വിദ്യാർഥിനിയായ പതിനെട്ടുവയസ്സുകാരി, അമ്മയുടെ ജീവൻ രക്ഷിച്ചതിന് പോലീസ് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു. പെട്ടെന്നുണ്ടായ മാനസികാവസ്ഥയില്‍ ചെയ്തതാണെന്നും രക്ഷപ്പെടുത്തിയതിന് നന്ദിയുണ്ടെന്നും രക്ഷപ്പെട്ട സ്ത്രീയും പറഞ്ഞതോടെ പോലീസ് സംഘം മടങ്ങി. ആശുപത്രി വിട്ടശേഷം സ്ത്രീയെ കൗണ്‍സിലിങ്ങിന് വിടാനുള്ള ഒരുക്കത്തിലാണ് പോലീസ്.
