പാർട്ടിയില്‍ അഭിപ്രായങ്ങള്‍ പറയാൻ സ്വാതന്ത്യമുള്ള ജനാധിപത്യപാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചുകൊണ്ട് കോണ്‍ഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കെ.മുരളീധരൻ.
ജനാധിപത്യ പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമേ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയുള്ളൂവെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ ഇന്ന് ചേർന്ന കൂടിക്കാഴ്ചയില്‍ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു മറുപടി.’എല്ലാവരുടെയും അഭിപ്രായങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളുള്ള സ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങളും കാണും. അത് പരിഹരിച്ച് മുന്നോട്ടുപോകുകയെന്നതാണ് പാർട്ടിയുടെ നയം.’ മുരളീധരൻ പറഞ്ഞു.ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊക്കെ പരിഹരിച്ചുകഴിഞ്ഞു. വിശ്വാസ സംരക്ഷണജാഥയ്ക്ക് ശേഷമുള്ള രണ്ടാംഘട്ട പരിപാടികളെ കുറിച്ച് അടുത്ത കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
നേരത്തെ, ഇന്ന് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പ്രതികരണത്തില്‍ പാർട്ടിയില്‍ അനൈക്യമുണ്ടെന്നും മുതിർന്ന നേതാക്കളാണ് അതിന് തുടക്കമിടുന്നതെന്നും തുറന്നടിച്ച് കെ.സുധാകരൻ പ്രസ്താവന നടത്തിയിരുന്നു. പാർട്ടിയിലെ അനൈക്യം പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്നും സുധാകരൻ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സുധാകരന് പുറമെ രമേശ് ചെന്നിത്തല, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും അതൃപ്തി വ്യക്തമാക്കി. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലും ആശയവിനിമയം കൃത്യമായി നടത്തുന്നില്ല. രാഷ്‌ട്രീയകാര്യ സമിതിയോ കെ.പി.സിസി.യോഗങ്ങളോ വിളിച്ച് ചേർക്കുന്നില്ല.വയനാട് ഡിസിസി അധ്യക്ഷനെ നിയമിച്ചത് മാധ്യമങ്ങള്‍ വഴിയാണ് നേതാക്കള്‍ അറിഞ്ഞത് എന്നും നേതാക്കള്‍ ആരോപിച്ചു. കേരളത്തില്‍ നവംബർ ഒന്നുമുതല്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കോണ്‍ഗ്രസ് ആരംഭിക്കും.
